സ്വകാര്യത മൗലികാവകാശം തന്നെ; ചരിത്രവിധിയെഴുതി സുപ്രീംകോടതി

Thursday August 24th, 2017
2

ന്യൂഡല്‍ഹി: വ്യക്തിയുടെ സ്വകാര്യത ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്നതാണ് വ്യക്തിയുടെ സ്വകാര്യത. ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത ലംഘിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ല. 1950ലെ എം.പി ശര്‍മ കേസിലും 1961ലെ ഖരക്‌സിങ് കേസിലും സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ രണ്ട് വിധികളും മറികടന്നാണ് ചീഫ് ജസ്റ്റിസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ വിധി.

ആധാറിന് വേണ്ടി പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള യു.പി.എ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ 2012ല്‍ റിട്ടയേര്‍ഡ്‌ഹൈകോടതി ജഡ്ജ് കെ.എസ്. പുട്ടസ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മെഗ്‌സസെ അവാര്‍ഡ് ജേതാവ് ശാന്ത സിന്‍ഹ ഫെമിനിസ്റ്റ് ഗവേഷക കല്യാണി സെന്‍ മേനോന്‍ തുടങ്ങിയവരായിരുന്നു ഹരജിക്കാര്‍. ഈ കേസ് സുപ്രീംകോടതി 2015 ആഗസ്റ്റ് 11ന് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് 2017 ജൂലൈ 18ന് ഹരജികള്‍ പരിഗണനക്ക് എടുത്തപ്പോള്‍ ഈ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനക്ക് കേസ് വിട്ടത്. ജൂലൈ 19 മുതല്‍ ആഗസ്റ്റ് രണ്ട് വരെ ഹരജികളില്‍ വാദം കേട്ട് ബെഞ്ച് വ്യാഴാഴ്ച ഏകകണഠമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

സ്വകാര്യത മൗലികവകാശത്തിന്റെ സ്വഭാവമുണ്ടെങ്കിലും അതിന് നിരവധി വശങ്ങളുണ്ട്. സ്വകാര്യതയിലെ എല്ലാ ഓരോ വശങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികവകാശമാണെന്ന് പറയാനവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. സ്വാതന്ത്ര്യം എന്നതിന്റെ വ്യത്യസ്ത വശങ്ങളില്‍ നിന്ന് പരിശോധിക്കുമ്പോള്‍ സ്വകാര്യതക്ക് വ്യത്യസ്ത മാനങ്ങളാണ് ഉള്ളത്. അതെല്ലാം മൗലികവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വകാര്യതയുടെ വ്യത്‌സ്ത വശങ്ങള്‍ എന്തെല്ലാമാണെന്ന് സുപ്രീംകോടതി നിര്‍വചിക്കേണ്ടി വരുമെന്നും കേന്ദ്രം വാദിക്കുകയുണ്ടായി. അതേ സമയം, സ്വകാര്യതക്കുള്ള അവകാശമെന്നത് പരമമാണെന്നും സ്വാതന്ത്ര്യമെന്നതിന്റെ സുപ്രധാന വശമാണെന്നും ഹരജിക്കാരും വാദിച്ചു. സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശം സ്വാഭാവികമായ അവകാശമാണെന്നും ഇത് ഭരണഘടന അംഗീകരിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി ഉണ്ടായത്.

അതേ സമയം, ആധാറിനെ കുറിച്ച് വിധിയില്‍ പരാമര്‍ശമില്ല. ആധാര്‍ കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. സ്വകാര്യതയെ കുറിച്ചുള്ള പുതിയ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ആധാറില്‍ വിധിയുണ്ടാകുക. അതെ സമയം, വിധി സര്‍ക്കാറിന്റെ ആധാര്‍ പദ്ധതിയുടെ ഭാവിയെ ബാധിക്കുമെന്നുറപ്പാണ്. ആധാര്‍ പദ്ധതിയെ ചോദ്യം ചെയ്ത് ഒരുകൂട്ടം ഹരജികള്‍ 2015ല്‍ സുപ്രീംകോടതിയുടെ മുമ്പാകെ വന്നിരുന്നു. ഇക്കാര്യവും സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാല്‍ സ്വകാര്യത മൗലികവകാശമാണോ എന്നതിലാണ് കോടതി വിധി. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്‌റെ, ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ. കൗള്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18621-privacy-fund-mental-righ-sc">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം