കുറഞ്ഞ വേതനം നല്‍കി അധ്യാപകരെ ചൂഷണം ചെയ്യുന്ന സ്‌കൂളുകള്‍ക്ക് കടിഞ്ഞാണ്‍

Tuesday May 16th, 2017

തൃശൂര്‍: അധ്യാപകര്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം നല്‍കാത്ത സ്‌കൂളുടമകള്‍ക്ക് ഒരു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം. ജീവിതച്ചെലവിനനുസരിച്ച് അധ്യാപകരുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്‍. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് തുടങ്ങിയ ‘വേതന സുരക്ഷ’ പദ്ധതിയില്‍ അണ്‍ എയ്ഡഡ് അധ്യാപകര്‍ക്ക് ഇടമുണ്ടായിരുന്നില്ല. തൊഴില്‍ വകുപ്പില്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റെ് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സ്വകാര്യ സ്ഥാപനങ്ങളാണ് വേതന സുരക്ഷ പദ്ധതിയിലുള്ളത്. തൊഴില്‍ വകുപ്പിന്റെ സോഫ്റ്റ് വെയര്‍ വഴി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥാപനങ്ങള്‍ ശമ്പളം കൈമാറണം. അതുവഴി കുറഞ്ഞ ശമ്പളം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തി. ഇതിലാണ് അണ്‍ എയ്ഡഡ് അധ്യാപകര്‍ അവഗണിക്കപ്പെട്ടത്.

അനധ്യാപകരടക്കം രണ്ടര ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ ചൂഷണവും സാമ്പത്തിക വെട്ടിപ്പും നടക്കുന്നതായി ആക്ഷേപവുമുണ്ട്. കുട്ടികളില്‍നിന്ന് വന്‍ തുക ഫീസ് ഈടാക്കുന്ന പല സ്‌കൂളുകളും തുച്ഛമായ ശമ്പളമാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. അതില്‍ മാറ്റം ആവശ്യപ്പെടുന്നവരെ പിരിച്ചുവിടുകയോ തൊഴില്‍പരമായി പീഡിപ്പിക്കുകയോ ചെയ്യും. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഇത്തരം ചൂഷണം ഏറെയാണെന്നും ആരോപണമുണ്ട്. 10,000 രൂപ ശമ്പളമുണ്ടെന്ന് രേഖയില്‍ കാണുമെങ്കിലും 3,500 മുതല്‍ 5,000 രൂപ വരെ മാത്രമാണ് നല്‍കുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന അധ്യാപകരുടെ ഒഴുക്കും കേരളത്തിലേക്കുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴായിരത്തോളം പേരെ സംസ്ഥാനത്ത് അധ്യാപകരായി നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 5,000 മുതല്‍ 7,500 രൂപവരെയാണ് അധ്യാപകരുടെ ശമ്പളം. ബാക്കി തുക ഏജന്‍സികളും സ്‌കൂള്‍ മാനേജ്മന്റെും കൈക്കലാക്കും.

കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പരിശീലകരെന്ന പേരിലാണ് ഇതര സംസ്ഥാന അധ്യാപകരുടെ നിയമനം. ഇക്കാര്യം തൊഴില്‍ വകുപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍, കുറഞ്ഞ വേതന നിയമത്തിന്റെ പരിധിയില്‍ ഇവരില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. ഏതെങ്കിലുമൊരു മേഖലയില്‍ 1000ല്‍ അധികം പേര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇതിനായി സര്‍ക്കാറിന് നിയമ ഭേദഗതി വരുത്താമെന്ന നിയമോപദേശപ്രകാരമാണ് അധ്യാപകര്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്ന സ്‌കൂളുകളെ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ അധ്യാപക സംഘടനകളില്‍നിന്നും ഇതിനായി അഭിപ്രായം തേടിയിരുന്നു. അധ്യാപകര്‍ക്ക് അധിക ജോലിക്ക് ഓവര്‍ ടൈം വേതനത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാറിന്റെ പരിഗണനയിലുള്ള ബില്ലിന്റെ കരട് ശിപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്ത് സി.ബി.എസ്.ഇ, സ്‌റ്റേറ്റ്, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസുകള്‍ പിന്തുടരുന്ന മൂവായിരത്തിലധികം അണ്‍ എയ്ഡഡ് സ്‌കൂളുകളുണ്ട്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ സ്‌കൂളുകള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം