എസ്.ബി.ടി.ചരിത്രത്തിലേക്ക്; സമ്പൂര്‍ണ ലയനത്തിന് മാസങ്ങളെടുക്കും

Friday March 31st, 2017

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ചരിത്രത്തിലേക്ക് വഴിമാറുന്നു. ജീവനക്കാരുടെ എതിര്‍പ്പുകളെയും ചെറുത്തുനില്‍പുകളെയും വൃഥാവിലാക്കിയാണ് എസ്.ബി.ടി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാഗമാകുന്നത്. എസ്.ബി.ടിയുടെ ശാഖകളും സംവിധാനങ്ങളുമെല്ലാം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ എസ്.ബി.ഐയില്‍ ലയിക്കും.

സാങ്കേതിക സംയോജനം, അക്കൗണ്ടുകളുടെ സംയോജനം, വിവരങ്ങളുടെ സംയോജനം എന്നിവ ലയനഭാഗമായി നടക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണറിയുന്നത്. നിയമപരമായ പേരുമാറ്റം മാത്രമാണ് ഏപ്രില്‍ ഒന്നിന് നടക്കുക. എസ്.ബി.ടിയുടെ ഉല്‍പന്നങ്ങളും സേവനങ്ങളും എസ്.ബി.ഐയുടേതായി മാറും. നിക്ഷേപവും വായ്പയുമെല്ലാം എസ്.ബി.ഐയുടെ പേരില്‍ നല്‍കും. എന്നാല്‍, വിവരങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം ഏപ്രില്‍ 22, 23 തീയതികളിലേ പൂര്‍ത്തിയാകൂ. ഇടപാടുകള്‍ എവിടെയും നടത്താം. എന്നാല്‍,ഐ.എഫ്.എസ് കോഡ്, ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയവ ആഗസ്റ്റ് 31വരെ നിലനില്‍ക്കും. എസ്.ബി.ടി ആസ്ഥാനം ഇനി എസ്.ബി.ഐയുടെ പ്രാദേശിക ആസ്ഥാനമായി മാറും. ലയനഭാഗമായി 400 ശാഖ ഇല്ലാതാകുമെന്നാണ് കരുതുന്നത്.

എന്നാല്‍, അത് ഉടനുണ്ടാകില്ല. ഒരേ കേന്ദ്രത്തില്‍ രണ്ട് പേരിലാകില്ല ഇനി ബ്രാഞ്ചുകള്‍. ഇവ ലയിപ്പിക്കുമ്പോള്‍ ഇടപാടുകാരുടെ സൗകര്യങ്ങളടക്കം പരിഗണിക്കണമെന്ന നിര്‍ദേശം ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എസ്.ബി.ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സര്‍ക്കിളുകളിലേക്ക് സ്ഥലം മാറേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. സേവന-വേതന വ്യവസ്ഥയുെട കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിലൂടെ ജീവനക്കാര്‍ കുറയുമ്പോള്‍ ആളില്ലെന്ന കാരണം പറഞ്ഞ് ബ്രാഞ്ചുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു.

1945ല്‍ തിരുവിതാംകൂര്‍ മഹാരാജാവിനുവേണ്ടി ദിവാന്‍ സി.പി. രാമസ്വാമി അയ്യരാണ് എസ്.ബി.ടിക്ക് തുടക്കമിട്ടത്. ആദ്യകാലത്ത് സര്‍ക്കാറിന്റെ ഖജനാവുമായി ബന്ധപ്പെട്ട ജോലികള്‍, വിദേശനാണ്യവിനിമയം തുടങ്ങിയവയാണ് ചെയ്തിരുന്നത്. 1960ല്‍ എസ്.ബി.ടി എസ്.ബി.ഐയുടെ സബ്‌സിഡിയറി ബാങ്ക് ആയി. പല ഘട്ടങ്ങളിലായി ഇന്തോ മെര്‍ക്കൈന്റല്‍ ബാങ്ക്, ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, വാസുദേവവിലാസം ബാങ്ക്, കൊച്ചിന്‍ നായര്‍ ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് തുടങ്ങിയവ എസ്.ബി.ടിയില്‍ ലയിച്ചിരുന്നു.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം