ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ അഴിമതി ഇല്ലാതാക്കും

Saturday February 25th, 2017

തിരുവനന്തപുരം: ഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള ഇപേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സേവനകാര്യങ്ങളില്‍ ഐ.ടി രംഗത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. നോട്ടുപ്രതിസന്ധിയുണ്ടായപ്പോള്‍ നാട്ടുകാരില്‍ നിന്നുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓഫീസുകളില്‍ സ്വീകരിക്കപ്പെടുന്ന തുക ദുരുപയോഗം ചെയ്യുന്നതായ പരാതികള്‍ പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാകും. ജനങ്ങളില്‍നിന്ന് കൃത്യമായ തുക ഈടാക്കുകയും അപ്പോള്‍ തന്നെ ഖജനാവില്‍ എത്തുകയും ചെയ്യുന്നതോടെ അഴിമതിക്കുള്ള സാധ്യത ഇല്ലാതാകും. പ്രതിവര്‍ഷം ഒരുകോടി ജനങ്ങള്‍ക്കാണ് വകുപ്പിന്റെ സേവനം ലഭ്യമാകുന്നത്. വര്‍ഷത്തില്‍ 12 ലക്ഷം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, 20 ലക്ഷം ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വളരെയധികം ആശ്രയിക്കുന്ന വകുപ്പായതിനാല്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ജനസേവനത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ മെച്ചപ്പെടണം. സര്‍ക്കാര്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.

സേവനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസമോ, സുതാര്യമല്ലാത്ത പ്രവര്‍ത്തനമോ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളാദിത്യപുരം ‘പുണര്‍ത’ത്തില്‍ സുധര്‍മയ്ക്ക് ഇപേയ്‌മെന്റ് വഴി ഡീഫേസ് ചെയ്ത ആധാരത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി കൈമാറി. ഇപേയ്‌മെന്റിനു പുറമേ ഇസ്റ്റാമ്പിംഗ് സമ്പ്രദായവും വകുപ്പില്‍ ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സര്‍ക്കാരിന് കൂടുതല്‍ വരുമാനം നല്‍കുന്ന രണ്ടാമത്തെ വകുപ്പാണ് രജിസ്‌ട്രേഷന്‍. എന്നാല്‍, നോട്ട് നിരോധനത്തെത്തുടര്‍ന്ന് വരുമാനം നവംബര്‍ മുതല്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്. വകുപ്പിന്റെ ആധുനികവത്കരണത്തിന് എട്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേമത്ത് പുതിയ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കാന്‍ ഉത്തരവ് ആയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസുകള്‍ നവീകരിച്ച് ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. ശശി തരൂര്‍ എം.പി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ റ്റി. മോഹന്‍ദാസ്, ട്രഷറി ഡയറക്ടര്‍ ജെ.സി. ലീല, കെ.ജി. ഇന്ദുകലാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നികുതിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ സ്വാഗതവും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഇ. ദേവദാസന്‍ കൃതജ്ഞതയും പറഞ്ഞു. ആധാര രജിസ്‌ട്രേഷനുള്ള ഇപേയ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് ഓഫീസില്‍ പണമിടപാടുകള്‍ നടത്തേണ്ടിവരില്ല. ആധാരവിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യുമ്പോള്‍ തന്നെ ആവശ്യമായ ഫീസ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനാല്‍ നെറ്റ് ബാങ്കിംഗ് വഴിയും പണമടക്കാനാകും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം