റിസള്‍ട്ടുമില്ല, പരീക്ഷയുമില്ല; കാംപസ്ഫ്രണ്ട് പ്രതിഷേധം ഫലം കണ്ടു

Saturday February 25th, 2017

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫല പ്രഖ്യാപനത്തിലെ അനാസ്ഥക്കെതിരെ കാംപസ് ഫ്രണ്ട് നടത്തിയ സമരത്തിന് പരിഹാരമായി. അനന്തമായി നീണ്ട ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ചിനൊടുവിലാണ് പരിഹാരമായത്. മാര്‍ച്ചിനെ തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളരുടെ കാര്യാലയത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരിക്കുകയായിരുന്നു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു.

ഫല പ്രഖ്യാപനത്തില്‍ രേഖമൂലം ഉറപ്പു കിട്ടാതെ പിന്തിരിയില്ലെന്നു ഭാരവാഹികള്‍ പ്രഖ്യാപിച്ചതോടെ ചര്‍ച്ചക്ക് വഴിയൊരുങ്ങുകയായിരുന്നു. പരീക്ഷാ കണ്‍ട്രോളറുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ സലീമിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാര്‍ച്ച് 31ന് മുമ്പ് റഗുലര്‍ വിദ്യാര്‍ത്ഥികളുടെയും വിദൂരവിദ്യഭാസ വിഭാഗം വിദ്യാര്‍ത്ഥികളുടെയും ഫലപ്രഖ്യപനം നടത്താമെന്ന് രേഖാമൂലം തന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികളെ അണിനിരത്തി തേഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി ഷഫീഖ് കല്ലായി, സമിതി അംഗങ്ങളായ ഷിഹാദ് കാളത്തോട്, ഇര്‍ഷാദ് മൊറയൂര്‍, പി.വി ഷഫീഖ് ജില്ലാ പ്രസിഡണ്ടുമാരായ ഷഫീഖ്, ഫായിസ്, ജാഫര്‍, ഷക്കീര്‍ നേതൃത്വം നല്‍കി.

——————————————-

മലപ്പുറം : ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലവും പരീക്ഷയും വൈകുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ഡ്രോളറുടെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളായ നിലവിലെ നാലാം സെമസ്റ്റര്‍ കഴിയാറായവരുടെ പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപത്തിലും ഗുരതരമായ വീഴ്ച്ചയാണ് അതികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അക്കാദമിക് കലണ്ടറനുസരിച്ച് നിലവില്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഫലം പുറത്തു വന്നിട്ടില്ല. രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടിന്റെ കാര്യവും മറിച്ചല്ല. ഇതേ ബാച്ചിന്റെ തന്നെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയും മാസങ്ങള്‍ വൈകിയാണ് നടന്നത്.

2015-16 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ നടക്കേണ്ടത് പുതിയ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയോടൊപ്പമാണ് എന്നതിനാല്‍ റിസള്‍ട്ട് വരാതെ നിലവിലെ ബാച്ചിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയും നടത്താനാകില്ല. സ്ഥിതിഗതികള്‍ ഇത്രയൊക്കെയായിട്ടും സര്‍വകലാശാല ആവശ്യത്തിന് ഇടപെടല്‍ നടത്തുന്നില്ല എന്നതിന് തെളിവാണ് ഈ ആദ്യ സെമസ്റ്റര്‍ മൂല്യനിര്‍ണയം പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത്. മൂല്യനിര്‍ണയ കാംപുകളിലാവട്ടെ ആവശ്യത്തിന് അധ്യാപകരും ലഭ്യമല്ല എന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ചു കളിക്കുന്ന സര്‍വകലാശാല അതികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ഡ്രോളറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാഷ്ട്രീയക്കളി നടത്തി സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കങ്ങളെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായി ചെറുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സലീം, സെക്രട്ടറി ഷഫീഖ് കല്ലായി, കമ്മിറ്റിയംഗം പി.വി ഷഫീഖ് , മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ബുനൈസ് കുന്നത്ത് പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം