പ്രൊഫ. കാദര്‍ മൊയ്തീന്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റാകും

Sunday February 5th, 2017
2

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാകും. ഫെബ്രുവരി അവസാനവാരം ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണറിയുന്നത്. വ്യാഴാഴ്ച ഇ. അഹമ്മദിന്റെ സംസ്‌കാരത്തെ തുടര്‍ന്ന് ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ അനൗപചാരിക യോഗത്തില്‍ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഖാദര്‍ മൊയ്തീന് കൈമാറിയിരുന്നു.
എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഖാദര്‍ മൊയ്തീന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ എം.പി കൂടിയാണ്. വെല്ലൂരില്‍നിന്ന് ഡി.എം.കെ ബാനറില്‍ മത്സരിച്ചാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നത്. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എ പാസായ ശേഷം പത്രപ്രവര്‍ത്തകനായും കോളജ് അധ്യാപകനായും സേവനം ചെയ്തിരുന്ന കാദര്‍ മൊയ്തീന്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉദ്യോഗം രാജിവെക്കുകയായിരുന്നു. ഉര്‍ദു ഭാഷയില്‍ അദ്ദേഹത്തിനുള്ള കഴിവും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനാകുന്നതോടെ ജന. സെക്രട്ടറി സ്ഥാനം ഇ.ടി. മുഹമ്മദ് ബഷീറോ പി.കെ. കുഞ്ഞാലിക്കുട്ടിയോ ഏറ്റെടുത്തേക്കും. സിറാജ് ഇബ്രാഹിം സേട്ട്, അബ്ദുസമദ് സമദാനി എന്നിവരില്‍ ആരെയെങ്കിലും ജനറല്‍ സെക്രട്ടറിയാക്കുന്ന കാര്യവും പരിഗണിക്കും. ഇക്കാര്യവും ദേശീയ എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും.

അതെ സമയം, അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ അനൗദ്യോഗികമായി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച ആറിന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് മുസ്ലിംലീഗ് തന്നെയാണ്. ഇവയില്‍ മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ നേരിയ ഭൂരിപക്ഷത്തിനാണ് നിയമസഭ കടന്നതെങ്കിലും ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തില്‍ ഭൂരിപക്ഷ വര്‍ധനവോടെ ജയിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ലോക്‌സഭയിലേക്ക് ദേശീയ കാഴ്ചപ്പാടുള്ള വ്യക്തികള്‍ തന്നെയാകണം സ്ഥാനാര്‍ഥിയെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ദേശീയ സെക്രട്ടറിമാരായ സിറാജ് ഇബ്രാഹിം സേട്ട്, അബ്ദുസമദ് സമദാനി എന്നിവരുടെ പേരുകള്‍ ദേശീയ നേതൃത്വത്തില്‍ നിന്നും ഉയരുന്നുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യവുമുള്ള സിറാജ് ഇബ്രാഹിം സേട്ടിന് പാര്‍ലമെന്റേറിയനെന്ന നിലയില്‍ ശോഭിക്കാനാകുമെന്നാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ഉറുദുഭാഷയില്‍ പ്രാവീണ്യവും പാര്‍ലമെന്റില്‍ പ്രവര്‍ത്തി പരിചയവുമുള്ള അബ്ദുസമദ് സമദാനിയും പാര്‍ലമെന്റില്‍ തിളങ്ങാനാകുമെന്നും വാദമുണ്ട്. എന്നാല്‍ ജനകീയനല്ലെന്ന മറുവാദമാണ് സമദാനിക്കെതിരെ ഉയരുന്ന പ്രധാന വെല്ലുവളി. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ കാദര്‍, മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരുടെ പേരുകളും ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞതവണ 1,94,731 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദ് മലപ്പുറത്തു നിന്നും പാര്‍ലമെന്റിലേക്ക് വണ്ടി കയറിയത്. സി.പി.എമ്മിലെ പി.കെ. സൈനബയായിരുന്നു അഹമ്മദിന്റെ എതിര്‍ സ്ഥാനാര്‍ഥി. അന്ന് ഇ. അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിക്കകത്തുപോലും എതിരഭിപ്രായം ശക്തമായിട്ടും ഭൂരിപക്ഷം വര്‍ധിക്കാനിടയാക്കിയത് സി.പി.എം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി സഹായിച്ചതിനാലാണെന്ന കുറ്റപ്പെടുത്തലുകളുമുണ്ടായിരുന്നു. ഇത്തവണ ഭരണനേട്ടം വിഷയമാക്കി ശ്ക്തമായ മല്‍സരം കാഴ്ചവക്കാനാണ് സി.പി.എം തീരുമാനമെന്നാണ് സൂചന. ഇതിനായി ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തീരുമാനം. മുന്‍ എം.എല്‍.എ വി ശശികുമാറിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്നതിനെക്കുറിച്ചും സി.പി.എം ആലോചിക്കുന്നുണ്ടത്രെ. എതിര്‍സ്ഥാനാര്‍ഥിയാരെന്ന ചിത്രം വ്യക്തമായാലെ ഇടതു സ്ഥാനാര്‍ഥിയെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂയെന്നാണറിയുന്നത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം