കോട്ടുമല ബാപ്പു മുസ്ലിയാര്‍ അന്തരിച്ചു

Tuesday January 10th, 2017
2

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.
മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ 9ന് മലപ്പുറം കോട്ടുമല കോംപ്ലെക്‌സില്‍. സമസ്ത ജോ. സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ്.

സമസ്തയുടെ നേതാവായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയിലാണ് സംഘടനയില്‍ ടിഎം ബാപ്പു മുസ്‌ലിയാര്‍ ആദ്യ കാലത്ത് അറിയപ്പെട്ടത്. പില്‍കാലത്ത് സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനമടക്കം പ്രധാന ചുമതലകള്‍ വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചു.

കോട്ടുമല അബൂബക്കര്‍-മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനാണ് ബാപ്പു മുസ്‌ലിയാര്‍. 1952 ഫെബ്രുവരി 10 ന് ജനനം. മലപ്പുറം ജില്ലയിലെ കാളമ്പാടിയാണ് സ്വദേശം. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യനായി പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ കോളജില്‍ ചേര്‍ന്നു. പിതാവിന് പുറമെ, സമസ്ത നേതാവ് ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെകെ അബൂബക്കര്‍, വല്ലപ്പുഴ ഉണ്ണീന്‍കുട്ടി എന്നിവര്‍ക്കു കീഴിലും മതപഠനം നടത്തി. 1971ല്‍ ജാമിഅയില്‍ തിരിച്ചെത്തിയ ബാപ്പു മുസ്‌ലിയാര്‍ 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹപാഠിയാണ്. 1987ല്‍ പിതാവ് മരിച്ചപ്പോള്‍ കാളമ്പാടി മഹല്ല് ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് മത രംഗത്തെ ആദ്യ ചുമതല. പിന്നീട് അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് അതിവേഗം ബാപ്പു മുസ്‌ലിയാരെത്തി. വിവിധ മഹല്ലുകളില്‍ ഖാളിയായും, അധ്യാപകനായും സേവനം.

സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചു. രണ്ട് തവണ (ആദ്യം 1998ല്‍) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. 2004ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ബാപ്പു മുസ്‌ലിയാര്‍ 2010ല്‍ സെക്രട്ടറിയായി. പിന്നീട് സമസ്ത പണ്ഡിതസഭയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ കോളജ്, കടമേരി റഹ്മാനിയാ കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനം. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ചാപ്പനങ്ങാടി ബാപ്പു മുസ്!ലിയാരുടെ മകള്‍ പരേതയായ സഫിയ്യയായിരുന്നു ഭാര്യ. ആയിഷാബി, ഡോ അബ്ദുറഹ്മാന്‍, ഫൈസല്‍, സുഹറ, സൌദ, ഫൌസിയ എന്നിവര്‍ മക്കളാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18153-kottumala-bappu-musliyar-passed-away">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം