കണ്ണൂര്‍: കോവിഡ് ബാധിതനായ എക്സൈസ് ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മട്ടന്നൂര്‍ എക്സൈസ് റെയിഞ്ച് ഓഫിസിലെ എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ പഞ്ചായത്തിലെ ബ്ലാത്തുര് ചോലക്കരി കക്കട്ടുംപാറ സ്വദേശി കിടാരന് പറമ്പത്ത് കെ.പി സുനില്‍ (28) ആണ് പരിയാരം കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് മരണപ്പെട്ടത്. ആഴ്ചകള്‍ക്കു മുന്‍പ് ഉളിയില്‍ കുരന് മുക്കില്‍ നിന്നും വ്യാജമദ്യ വില്‍പ്പനക്കിടെ പിടികൂടിയ പ്രതിയുമായി ജില്ലാ ആശുപത്രിയില്‍ ദേഹപരിശോധനക്കായി പോകുന്നതിനിടെ കോവിഡ് ടെസ്റ്റിനായി എത്തിയ മറ്റൊരു രോഗിയില്‍ നിന്നാണ് സുനിലിന് രോഗം ബാധിച്ചന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചെങ്കല്‍ ലോറി ഡ്രൈവറായും സ്വകാര്യ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്ന സുനില്‍ ഒരു വര്‍ഷം മുന്‍പാണ് എക്സൈസ് വകുപ്പില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ബ്ലാത്തൂര്‍ കക്കട്ടുംപാറയിലെ കിടാരന് പറമ്പത്ത് കുഞ്ഞിരാമന്-സുലോചന ദമ്പതികളുടെ മകനാണ് അവിവാഹിതനായ സുനില്‍, ഏക സഹോദരന് സുമേഷ്.
എക്സൈസ് ഡ്രൈവര്‍ കെ .പി സുനിലിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചു പൂട്ടുകയും രോഗബാധിതന്റെ പ്രദേശമുള്‍പ്പെടുന്ന കല്യാട് വില്ലേജിലുള്‍പ്പെടുന്ന 1, 2, 3, 4, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ണേരി ,ബ്ലാത്തൂര്‍, തിരൂര്‍, ഊരത്തൂര്‍, കല്യാട്, ചോലക്കരി വാര്‍ഡുകള്‍. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ച് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് പൂര്‍ണ്ണമായി അടച്ചു പൂട്ടിയിരിക്കുകയാണ്. പ്രാഥമിക നിഗമനമനുസരിച്ച് അറുപതോളം പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതായും ഇവരെല്ലാം വിട്ടു നിരീക്ഷണത്തിലായതായും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ സുനില്‍ ജോലി ചെയ്തിരുന്ന മട്ടന്നൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസ് അടച്ചു പൂട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ വീട്ടു നിരീക്ഷണത്തിലേക്കു മാറിയിരിക്കുകയാണ്. സുനിലിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.