ഡി.ജി.പി.സ്ഥാനത്തു നിന്നു ലോക്‌നാഥ് ബെഹറയെ മാറ്റും; പകരം ജേക്കബ് തോമസ്

Friday December 23rd, 2016

തിരുവനന്തപുരം: ലോക്‌നാഥ് ബെഹറയെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റി ജേക്കബ് തോമസിനെ നിയമക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. ബെഹറയ്‌ക്കെതിരായി മുന്നണിയ്ക്കുള്ളിലും പാര്‍ട്ടിക്കുള്ളിലുമുണ്ടായ എതിര്‍പ്പുകളാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് മെട്രോവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. മാന്യമായ യാത്ര അയപ്പായിരിക്കും ഡിജിപി ബെഹ്‌റക്ക് കേരളാ പോലീസ് നല്‍കുക. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അവസരം സര്‍ക്കാര്‍ തന്നെ ഒരുക്കി നല്‍കുമെന്നും വാര്‍ത്തയില്‍ പറയുന്നു. പോലീസ് മേധാവിയായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജേക്കബ് തോമസിനെ നിയോഗിക്കുന്നതിനാണ് ആലോചിക്കുന്നത്. ജനുവരി അവസാനത്തോടെ ഡെപ്യൂട്ടേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സാധ്യത. ഡെപ്യൂട്ടേഷന്‍ ലഭിച്ച ശേഷമേ പുതിയ നിയമനം നടത്തുകയുള്ളു. എന്‍ഐഎ, സിബിഐ എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടേഷനു വേണ്ടിയാണ് ശ്രമിക്കുന്നതത്രെ.

ബെഹ്‌റയുടെ നയങ്ങളോട് കേന്ദ്രത്തിന് എതിര്‍പ്പില്ലാത്തതും അദ്ദേഹത്തിന് ഗുണകരമാവും. കൂടാതെ സിബിഐയിലും ദേശീയ അന്വേഷണ ഏജന്‍സിയിലും പ്രവര്‍ത്തന പരിചയവുമുണ്ട്. ആധുനിക സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും ഇത്തരം കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും ബെഹ്‌റയെ തുണക്കും. എന്‍ഐഎയില്‍ വിവാദമായ നിരവധി കേസുകള്‍ ബെഹ്‌റ അന്വേഷിച്ചിരുന്നു. ഇപ്പോഴും സിബിഐക്കും എന്‍ഐഎയ്ക്കും ഉപദേശങ്ങള്‍ നല്‍കാറുമുണ്ട്. അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ ഇതിനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് സര്‍വീസില്‍ ജൂനിയറായ ലോക്‌നാഥ് ബെഹ്‌റയെ പോലീസ് മേധാവിയായി നിയമിച്ചത്. അന്നു മേധാവിയായിരുന്ന ടിപി സെന്‍കുമാറിനെ ഒഴിവാക്കിയായിരുന്നു നിയമനം. ഇതിനെതിരെ സെന്‍കുമാര്‍ രംഗത്തു വന്നിരുന്നു. ട്രിബ്യൂണലില്‍ ഹര്‍ജിയും നല്‍കിയിരുന്നു. പക്ഷെ, സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ല. എന്നാല്‍ സമീപകാലത്തെ ബെഹ്‌റയുടെ നടപടികളോട് സര്‍ക്കാരിന് വിയോജിപ്പാണുള്ളത്. ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ അറസ്റ്റ്, യുഎപിഎ ചുമത്തല്‍, പോലിസിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് തുടങ്ങിയവയെല്ലാം ബെഹ്‌റക്കെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരാന്‍ കാരണമായിരുന്നു.
ഭരണക്ഷി പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികളും പോലീസിനെതിരെ പരസ്യമായി രംഗത്തു വന്നത് ബെഹ്‌റയുടെ സ്ഥാനം തെറിക്കാന്‍ കാരണമായെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ബെഹ്‌റക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
സിപിഎം കേന്ദ്ര നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ പോലീസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ആശങ്കാകുലനാണ്. ഈ സാഹചചര്യത്തിലാണ് ബെഹ്‌റയെ സ്ഥാനത്തു നിന്നും നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം