പോലിസിന് മൂക്കുകയറിടണം; പോലിസ് മര്‍ദനോപാധിയല്ലെന്നും വി.എസ്

Monday December 19th, 2016
2

കൊച്ചി: പോലിസ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ലെന്നും സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പൊലീസ്. ഇത് ഇടതുപക്ഷ ഭരണമാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു. കടല്‍ തീരത്ത് കുടുംബസമ്മേതം വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഒന്നര വയസുള്ള കുഞ്ഞിനെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയും അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല.

പോലിസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി എസ് നടത്തിയത്. മാവോവാദി വേട്ടയിലുള്‍പ്പടെ പോലിസിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പോലിസിന്റെ മനോവീര്യം തകര്‍ക്കരുത് എന്നായിരുന്നു ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നത്. ഇതിനെയും വി എസ് വിമര്‍ശിക്കുന്നുണ്ട്. പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത് എന്നാണ് വി എസ് ഓര്‍മിപ്പിച്ചത്. തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതു സത്യമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്. ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂവെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം