ജയലളിതയുടെ പിന്‍ഗാമി; ശശികലക്കെതിരെ ദീപ ജയകുമാര്‍

Sunday December 11th, 2016

jayalalitha-deepa-legacyചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് എഐഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ എതിര്‍പ്പുമായി ജയലളിതയുടെ സഹോദരന്റെ പുത്രി ദീപ രംഗത്ത്. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ദീപ മാധ്യമങ്ങളെ അറിയിച്ചു. തന്റെ സഹോദരനായ ദീപക്ക് എങ്ങനെയാണ് ശശികലക്ക് ഒപ്പം എത്തിയതെന്ന് അറിയില്ല. ദീപക്കുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ തോഴി ശശികലക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. എന്നാല്‍ ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പോയസ് ഗാര്‍ഡനില്‍ ജയലളിതക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി എട്ടുമണിക്കൂറോളം കാത്തുനിന്നിട്ടും തനിക്ക് പ്രവേശനം നിഷേധിക്കുകയാണ് ചെയ്തതെന്നും ദീപ പറഞ്ഞു. തന്റെ അമ്മായിയെ അവസാനമായി ഒന്നുകാണാന്‍ ഒട്ടേറെ കെഞ്ചിയിട്ടും തന്നെ അകത്ത് കയറ്റിവിട്ടില്ല. പിറ്റേന്ന് രാജാജി ഹാളില്‍ എത്തിയപ്പോള്‍ അവിടെയും തടയാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നതായും ദീപ വിശദമാക്കി. ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് ദീപാ മാധവന്‍ ജയകുമാര്‍. ചെന്നൈ ടി നഗറില്‍ താമസിക്കുന്ന 42കാരിയായ ദീപ ജയകുമാര്‍ ഇംഗ്ലണ്ടിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു.

ജയലളിത മരണപ്പെട്ടതിന് തലേന്നാള്‍ അപ്പോളോ ആശുപത്രിയിലെത്തിയ ദീപയെ ജയയെ കാണുന്നതില്‍ നിന്ന് വിലക്കിയത് വലിയ വാര്‍ത്തയായിരുന്നു. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ 25ലേറെ തവണ അപ്പോളോ ആശുപത്രിയില്‍ എത്തിയെന്നും എന്നാല്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ തടയുകയായിരുന്നുവെന്നും ദീപ നേരത്തെ പറഞ്ഞിരുന്നു. രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമീപത്ത് ഇരിക്കുന്നതില്‍ നിന്ന് ദീപയെ ശശികലയും കൂട്ടരും തടഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.
എഐഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനും, മുതിര്‍ന്ന നേതാവ് കെഇ ചെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ് ദുരൈസ്വാമിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ശനിയാഴ്ച ശശികലയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍ മന്ത്രിസഭയിലുള്ള ആരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നില്ല. എംജിആറിന്റെ കാലം മുതല്‍ പാര്‍ട്ടിയ്‌ക്കൊപ്പമുള്ള ആളാണ് ചെങ്കോട്ടയ്യന്‍. പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ ആയിരിക്കും ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം