നഷ്ടമായത് ഉരുക്കു വനിതയെയെന്ന് മമ്മുട്ടി; മരണം ലജ്ജിച്ചിട്ടുണ്ടാകുമെന്ന് മഞ്ജുവാര്യര്‍

Tuesday December 6th, 2016

Jayalalitha victoryകൊച്ചി: തമിഴകത്തിന് ഉരുക്കുവനിതയെ നഷ്ടമായെന്നു നടന്‍ മമ്മൂട്ടി. അമ്മയാകുന്നതിന് ഒരാള്‍ പ്രസവിക്കണമെന്നില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണവരെന്നും മമ്മൂട്ടി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നല്‍കുകയും അതിനായി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഭരണാധികാരിയാണ് ജയലളിതയെന്നും മമ്മൂട്ടി അനുസ്മരിച്ചു.

ജയലളിത സിനിമയില്‍ തിളങ്ങി നിന്ന കാലയളവിലാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അവര്‍ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമായിരിക്കാം അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ സമൂഹത്തിനും രാഷ്ട്രീയ സമൂഹത്തിനും പ്രത്യേകിച്ച് തമിഴ്‌നാടിനും തീരാ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍. മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നര്‍ത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്.

മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവില്‍ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളര്‍ച്ചയായിരുന്നു അത്. എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം.
മഞ്ജുവാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം