ഒമ്പത് മാസത്തിനിടെ കേരളത്തില്‍ 1199 പേര്‍ക്ക് എച്ച്.ഐ.വി സ്ഥീരികരിച്ചു

Thursday December 1st, 2016
2

HIV Aidsതിരുവനന്തപുരം: ബോധവത്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും മികച്ച പ്രാധാന്യം നല്‍കി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ എച്ച് ഐ വി അണുബാധിതരായി കേരളത്തിലുള്ളത് 29,221 പേരാണ്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ വരെ 1199 പേര്‍ക്ക് എച്ച് ഐ വി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 763 പുരുഷന്മാരും 463 സ്ത്രീകളുമാണ് 2,06,951 പുരുഷന്മാരും 2,95,426 സ്ത്രീകളും ഉള്‍പ്പെടെ 50,2377 പേരാണ് ഈ വര്‍ഷം എച്ച് ഐ വി പരിശോധനക്ക് വിധേയരായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ എച്ച് ഐ വി അണുബാധ 0.12 ശതമാനമാണ്. 2015ലെ കണക്കനുസരിച്ച് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ ആര്‍ ടി ചികിത്സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 20,954 പേരാണ്. ഇതില്‍ 15,071 പേര്‍ക്ക് എ ആര്‍ ടി ചികിത്സ ആരംഭിച്ചുകഴിഞ്ഞു.

നിലവില്‍ എ ആര്‍ ടി ചികിത്സയിലുള്ളത് 11,236 പേരാണ്. എച്ച് ഐ വി അണുബാധിതരായ 4,673 പേരാണ് കേരളത്തില്‍ ഇതുവരെ മരണമടഞ്ഞത്.
സംസ്ഥാനത്ത് പുതിയ എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരു മാസം ശരാശരി 100 പുതിയ എച്ച് ഐ വി ബാധിതര്‍ ഉണ്ടാകുന്നു എന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ഡി എം ഒ ഇന്‍ചാര്‍ജ് ഡോ. ജോസ് ജി ഡിക്രൂസ് പറയുന്നു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എച്ച് ഐ വി അണുബാധിതരുള്ളത്. 5649 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കുറച്ച് അണുബാധിതരുള്ളത് വയനാട് ജില്ലയിലാണ്. 266 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. കൊല്ലം-1,075, പത്തനംതിട്ട-683, ആലപ്പുഴ-1,269, എറണാകുളം-1,934, തൃശൂര്‍-4,843,കോട്ടയം-2,484, ഇടുക്കി-431, പാലക്കടട്-2,580, മലപ്പുറം-567, കോഴിക്കോട്-4,423, കണ്ണൂര്‍-1,641, കാസര്‍ഗോഡ്-1376.

ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015ലെ കണക്കനുസരിച്ച് രാജ്യത്ത് 21.17 ലക്ഷം എച്ച് ഐ വി അണുബാധിതരുണ്ട്. രാജ്യത്തെ എച്ച് ഐ വി അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളും 6.54 ശതമാനം കുട്ടികളുമാണ്. നിലവില്‍ രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും എച്ച് ഐ വി അണുബാധിതരായി സര്‍ക്കാറിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന് കീഴില്‍ ചികിത്സയിലാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ള എച്ച് ഐ വി അണുബാധിതരുടെ എണ്ണം 86,000 ആണ്. ഇതില്‍ 88 ശതമാനം മുതിര്‍ന്നവരും 12 ശതമാനം കുട്ടികളുമാണ്.

സംസ്ഥാനത്ത് 498 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളില്‍ എച്ച് ഐ വി പരിശോധന സൗജന്യമായി നല്‍കുന്നനതിനുള്ള സംവിധാനമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പരിശോധന കൂടാതെ കൗണ്‍സിലിംഗും ഇവിടെനിന്ന് ലഭിക്കും. അണുബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി എ ആര്‍ ടി കേന്ദ്രങ്ങളിലേക്ക് അയക്കും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ താലൂക്ക് ആശുപത്രികള്‍, ചില ഇ എസ് ഐ ആശുപത്രികള്‍, ചില സ്വകാര്യ ആശുപത്രികള്‍, പ്രധാന ജയിലുകള്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ എച്ച് ഐ വി അണുബാധിതരായവര്‍ക്ക് ആവശ്യമായ ആന്റി റിട്രോവല്‍ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നുണ്ട്. പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 23 പുലരി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലും പുലരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം