സഹകരണ മേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്ക് കുട്ടുനില്‍ക്കുന്നു: മന്ത്രി എ സി മൊയ്തീന്‍

Tuesday November 22nd, 2016

niyamasabha
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാര്‍ സാമ്പത്തിക സഹായ ആവശ്യങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങള്‍ നിലകൊണ്ടിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളില്ലാത്തത് ഇത്തരം സ്ഥാപനങ്ങള്‍ ഉള്ളതു കൊണ്ടാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സമയം അനുവദിച്ചില്ല. കേരളീയരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തതെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഏതു തരത്തിലുള്ള പരിശോധനക്കും തയാറാണ്. ബാങ്കുകളില്‍ കെ.വൈ.സി നടപ്പാക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഉറപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്രം നീതിപൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിഷയത്തില്‍ 12 വരെ തുടര്‍ച്ചയായി ചര്‍ച്ച നടക്കും. ശേഷം മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിക്കും. ആര്‍.ബി.ഐ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കാന്‍ അധികാരം നല്‍കാത്ത നടപടി തിരുത്തണമെന്ന നിലപാടാണ് സര്‍ക്കാറിനും പ്രതിപക്ഷത്തിനും. എന്നാല്‍, സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ബി.ജെ.പിയുടെ ഈ നിലപാട് കാരണം നിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ സര്‍ക്കാറിന് കഴിയുമോയെന്ന സംശയമുണ്ട്. സ്വന്തം നിലക്ക് കേരളത്തിലെ സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം