ഉറിയില്‍ മരിച്ചവരെക്കാള്‍ ഇരട്ടിയാളുകള്‍ സര്‍ക്കാര്‍ നിലപാട് മൂലം മരിച്ചു; ഗുലാം നബി

Friday November 18th, 2016

gulam-nabi-azadന്യൂഡല്‍ഹി: ഉറിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ ഇരട്ടി പേര്‍ക്ക് കറന്‍സി നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഗുലാം നബിയുടെ അഭിപ്രായപ്രകടനം രാജ്യദ്രോഹപരമായതിനാല്‍ അദ്ദേഹം നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ കാഠിന്യം വിവരിച്ചതിനിടയിലാണ് ഗുലാം നബി ആസാദ്, സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം മരിച്ചവരെ ഉറിയില്‍ മരിച്ച ജവാന്മാരോട് താരതമ്യം ചെയ്തത്. മരണസംഖ്യ 40 കവിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഇതിന്റെ പകുതി ജവാന്മാര്‍ മരിച്ചിട്ടില്ലെന്നും ഗുലാം നബി പറഞ്ഞു.

എന്നാല്‍, പാകിസ്താനുമായുള്ള താരതമ്യത്തില്‍ പ്രകോപിതരായ ബി.ജെ.പി അംഗങ്ങള്‍ ഗുലാം നബിയുടെ പ്രസ്താവനക്കെതിരെ ബഹളം വെച്ച് സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പാകിസ്താനുമായി ഈ വിഷയത്തെ താരതമ്യം ചെയ്യാനാവില്ലെന്ന് പറഞ്ഞ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, രാജ്യത്തെ നിലവിലുള്ള സാഹചര്യത്തെ എങ്ങനെയാണ് ഭീകരപ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തുകയെന്ന് ചോദിച്ചു. ഭീകരര്‍ കൊന്നതിനേക്കാള്‍ മോശമാണ് ഇപ്പോള്‍ ആളുകള്‍ മരിച്ചതെന്ന് പറയുന്ന ഗുലാം നബി ഇതുവഴി പാകിസ്താന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെന്ന് നായിഡു കുറ്റപ്പെടുത്തി.

താന്‍ മരിച്ചവരുടെ എണ്ണമാണ് താരതമ്യം ചെയ്തതെന്നും പാകിസ്താനുമായി ചങ്ങാത്തത്തിലായതും അവിടെ പോയി ബിരിയാണി കഴിച്ചതും ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഗുലാം നബി പ്രതികരിച്ചു. പാകിസ്താന്റെ ആക്രമണത്തില്‍ മരിക്കുന്നവരുടെ നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നും ബി.ജെ.പിക്കാര്‍ ആരും അവരുടെ ആക്രമണത്തെ തടയാന്‍ അതിര്‍ത്തിയില്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ പിരിഞ്ഞ ശേഷം ഈ പരാമര്‍ശത്തിന് നിരുപാധികം മാപ്പു പറയണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ ഗുലാം നബി പറഞ്ഞ കാര്യത്തിലുറച്ചു നില്‍ക്കുകയാണെന്നു പറഞ്ഞ് സഭയില്‍ പറഞ്ഞത് പുറത്തും ആവര്‍ത്തിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം