സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും വരള്‍ച്ച ബാധിതം

Monday November 7th, 2016
2

varalcha-keralam
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ലഭ്യതയുടെ കുറവ്, ഭൂഗര്‍ഭജലത്തിന്റെ അവസ്ഥ, വരള്‍ച്ചയുടെ ലഭ്യമായ മറ്റു സൂചനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

സംസ്ഥാനത്താകെ ഗണ്യമായ മഴക്കുറവുണ്ട്. ജലസ്രോതസ്സുകളിലും കുറവുണ്ടായി. ഭൂഗര്‍ഭ ജലത്തിന്റെ അളവിലും നേരിയ കുറവ് കണ്ടെത്തി.
രണ്ടാം കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടക്ക് കിഴക്കന്‍ കാലവര്‍ഷവും ദുര്‍ബലമായി. വരള്‍ച്ച നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാവുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതിനാലാണ് എല്ലാ ജില്ലകളെയും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി ഡയറക്ടര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളും ജലനിധിയും ജല ദുരുപയോഗം ഇല്ലാതാക്കണം. ജലത്തിന്റെ പുനരുപയോഗത്തിന് ഊന്നല്‍ നല്‍കണം. ചെക് ഡാമുകള്‍ നിര്‍മിച്ചും കനാലുകളും കുളങ്ങളും വൃത്തിയാക്കിയും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തണം. അതിനായി തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വിനിയോഗിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെള്ള സംഭരണികള്‍ പ്രവര്‍ത്തനക്ഷമമാക്കണം. ഭൂഗര്‍ഭ ജലവിനിയോഗ വ്യവസായങ്ങള്‍ 75 ശതമാനം ജലവിനിയോഗം കുറക്കണം. കൃഷിക്കായി ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതും കുറക്കണം. കുടിവെള്ളത്തിന് മുന്‍ഗണന നല്‍കണം. വന്യജീവികള്‍ക്ക് ആവശ്യമായ ജലലഭ്യതയുണ്ടെന്ന് ഉറപ്പു വരുത്തണം. സ്ഥിരം ജലസ്രോതസ്സുകള്‍ മലിനാമാക്കുന്നത് തടയാനായി പൊലീസ് കാവലും പൊതുജനങ്ങളുടെയും മേല്‍നോട്ടവും ഉണ്ടാവണം. ജലസ്രേതസ്സുകളില്‍ മലിനീകരണമില്ലെന്ന് ജലഅതോറിറ്റിയോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഉറപ്പുവരുത്തണം. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വരള്‍ച്ച, സൂര്യാതപം, താപാഘാതം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം