പാകിസ്ഥാന്‍ പരാമര്‍ശം; കെ പി ശശികലക്കെതിരെ വല്ലപ്പുഴ നിവാസികള്‍

Saturday November 5th, 2016
2

vallappuzha-sashikala-rss
പാലക്കാട്: താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ ഒറ്റക്കെട്ടായി വല്ലപ്പുഴക്കാര്‍ രംഗത്ത്. സ്‌ക്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവില്‍ ശശികല. പ്രഥമാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്‌ക്കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപികയാണ് താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മതം നോക്കി സ്‌ക്കൂളിനെ നിരന്തരമായി ആക്ഷേപിക്കുന്നത്.

നാടുനീളെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും 36 വര്‍ഷത്തിനിടക്ക് ഒരിക്കല്‍പ്പോലും വല്ലപ്പുഴ ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികളോ രക്ഷിതാക്കളോ കെ പി ശശികലക്കെതിരെ അപമര്യാദയായി ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്നാല്‍ തങ്ങളുടെ സ്‌ക്കൂളും നാടും പാകിസ്താനാണെന്ന് സ്‌ക്കൂളിന്റെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് നാട്ടിലും വിദേശത്തും നിരന്തരമായി നടത്തുന്ന ആക്ഷേപം അവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിവാദ പ്രസംഗത്തോടുളള പ്രതികരണം ഇക്കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ അങ്കണത്തില്‍ മുഴങ്ങി.

KP Sashikala VHPവെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വക കരിങ്കൊടി. ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനം. ‘ സേവ് വി എച്ച് എസ്, ബാന്‍ ശശികല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്നവര്‍ വിളിച്ചു പറഞ്ഞു. ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി ഒരു വലിയ വണ്ടി നിറയെ പോലീസുകാര്‍ സ്‌കൂളിനു മുമ്പില്‍ കാവലുണ്ട്. പോലീസ് ഭീതിയില്‍ കൊച്ചു കുട്ടികള്‍ സ്‌കൂളില്‍ വരെ വരാന്‍ മടിക്കുകയാണ്. വല്ലപ്പുഴയിലെ സ്‌കൂളില്‍ ഇതൊക്കെ ആദ്യ സംഭവം.

തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. ക്ലാസ്സ് ബഹിഷ്‌കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ ശനിയാഴ്ച്ച സ്‌കൂളില്‍ പി.ടി.എ കൂടുന്നുണ്ട്.

എന്നാല്‍ വല്ലപ്പുഴയേയും പഠിപ്പിക്കുന്ന സ്‌കൂളിനേയും പാക്കിസ്ഥാനെന്ന് വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നല്ല അര്‍ത്ഥത്തിലാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും ശശികല ടീച്ചര്‍ പറഞ്ഞതായി നാരദ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇതിന്റേ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

‘ ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 95% ശതമാനം കുട്ടികള്‍ മുസ്ലീങ്ങളാണ്. ആ സ്‌കൂളിലെ വാര്‍ഡില്‍ ആകട്ടെ പേരിനു മാത്രമാണ് ചില ഹിന്ദുക്കള്‍ ഉള്ളത്. പാലക്കാട് ജില്ലയില്‍ ഇങ്ങിനെ ഒരു വാര്‍ഡ് ഇല്ല. മുസ്ലീങ്ങളുടെ എണ്ണത്തില്‍ പാക്കിസ്ഥാനെ പോലെ ഭൂരിപക്ഷ പ്രദേശമായതിനാലാണ് ആ നാടിനെ പാക്കിസ്ഥാനായി ചിത്രീകരിച്ചത്. പാക്കിസ്ഥാന്‍ എന്നു പറഞ്ഞാല്‍ എങ്ങിനെ അപമാനിക്കപ്പെടും? പാക്കിസ്ഥാന്‍ എന്നെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ പിറന്ന നാടാണ്. അപമാനകരമായ നാടല്ല. പാക്കിസ്ഥാന്‍ പ്രേമികള്‍ എന്റെ വാക്കിന്റെ അടിസ്ഥാനത്തില്‍ വിരോധികള്‍ ആയതിന്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011 ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. ഈ പ്രസംഗവും അവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ കേസിന് ആധാരമായ പ്രസംഗങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നുവെന്ന ന്യായീകരണത്തോടെ സമീപകാല പ്രസംഗങ്ങളില്‍ ഈ ആക്ഷേപം ആവര്‍ത്തിച്ചതോടെയാണ് വല്ലപ്പുഴ ശശികലക്കെതിരെ തിരിഞ്ഞത്. ശശികല പരസ്യമായി മാപ്പു പറഞ്ഞ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അവരുടെ സഹപ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.

‘ വല്ലപ്പുഴയെ പാക്കിസ്ഥാനെന്ന് വിളിച്ച് വിളിച്ച് അപമാനിച്ച ശശികലക്ക് വല്ലപ്പുഴയിലെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തവകാശം’ ? ഇതാണ് ജനകീയ പ്രതികരണവേദിയുടെ ചോദ്യം. ഈ ചോദ്യമുയര്‍ത്തി അഞ്ഞൂറോളം പേര്‍ ശശികലക്കെതിരെ പ്രകടനം നടത്തി.

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പേരില്‍ പ്രസംഗിച്ച ശശികല ടീച്ചര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അവരെ പോലീസ് അറസ്റ്റു ചെയ്യുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നാണ് ജനകീയ പ്രതികരണ വേദിയുടെ ആവശ്യം.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17561-valla-puzha-against-sashi-kala">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം