കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സാന്നിധ്യത്തില്‍ സംസ്ഥാന പോലിസിന് അസംതൃപ്തി

Saturday November 5th, 2016

POLICE
കോട്ടയം: സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സാന്നിധ്യവും ഇടപെടലും വ്യാപകമാകുന്നതില്‍ ലോക്കല്‍ പൊലീസില്‍ അതൃപ്തി ശക്തമാകുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തുണ്ടായ പ്രധാന കേസുകളുടെയെല്ലാം അന്വേഷണ ചുമതലയില്‍ നിന്ന് ലോക്കല്‍ പൊലീസിനെ ഒഴിവാക്കി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുകയോ അവര്‍ സ്വയം ഏറ്റെടുക്കുകയോ ചെയ്യുന്നതില്‍ സേനയില്‍ പ്രതിഷേധം പുകയുകയാണ്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

പ്രധാന കേസുകളുടെ അന്വേഷണം പൊലീസ് ഏറ്റെടുക്കും മുമ്പുതന്നെ സംസ്ഥാന പൊലീസിലെ ചില ഉന്നതര്‍ കേന്ദ്ര ഏജന്‍സികളെ വിളിച്ചുവരുത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ചെറുതും വലുതുമായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ഉണ്ടാകുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കാനോ ലോക്കല്‍ പൊലീസിനു കഴിയുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വര്‍ധിച്ചുവരുന്ന ഈപ്രവണത ലോക്കല്‍ പൊലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലത്തെിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, തിടുക്കപ്പെട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ സാന്നിധ്യവും ഇടപെടലും ആസൂത്രിതമാണെന്ന വിലയിരുത്തലും ഉന്നതതലത്തിലുണ്ട്. കേരളത്തില്‍ ക്രമസമാധനനില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള രഹസ്യ അജണ്ടയാണ് ഇതിനു പിന്നില്‍.

കേന്ദ്ര ഏജന്‍സികളുടെ സാന്നിധ്യമില്ലെങ്കില്‍ ഇവിടെ ക്രമസമാധാനനില തകരുമെന്ന പ്രചാരണവും ശക്തമാണ്. ഇത് സംസ്ഥാന സര്‍ക്കാറിനും തിരിച്ചടിയാകും. ഇക്കാര്യം പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ശരിവെക്കുന്നു. ഇത്തരം ഇടപെടലിന്റെ അപകടം സര്‍ക്കാറിനെ അറിയിക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരാജയമാണെന്നും വിലയിരുത്തലുണ്ട്.

ലോക്കല്‍ പൊലീസ് അറിയാതെ പോലും കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. ചില കേസുകളുടെ അന്വേഷണ വിവരം പോലും ലോക്കല്‍ പൊലീസ് അറിയുന്നില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും സംസ്ഥാന സര്‍ക്കാറിനുപോലും എതിരാണെന്നും ആക്ഷേപം ഉണ്ട്. അടുത്തിടെയുണ്ടായ ഐ.എസ്, വാഗമണ്‍,പാനായിക്കുളം, കണ്ണൂര്‍ കൊലപാതകങ്ങളടക്കം തീവ്രവാദസ്‌ഫോടനക്കേസുകളിലെല്ലാം കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ശക്തമാണ്. എന്‍.ഐ.എ, റോ, സി.ബി.ഐ എന്നിവക്ക് പുറമെ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സേനകളുടെ സാന്നിധ്യവും കേരളത്തില്‍ ശക്തമാണ്.
പല കേസുകളും പൊലീസ് അന്വേഷിക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുന്നത് പതിവായിട്ടുണ്ട്. ഒരുപ്രത്യേക മതവിഭാഗത്തിനെതിരെയുള്ള കേസുകളോടാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് താല്‍പര്യമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഇത്തരത്തിലുള്ള കേസുകളൊന്നും ആധികാരികമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

എറണാകുളംകൊല്ലം കലക്ടറേറ്റ് സ്‌ഫോടനമടക്കം നിരവധി കേസുകളാണ് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ഏറ്റെടുത്തത്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ആഭ്യന്തര സുരക്ഷ വിഭാഗം (ഐ.എസ്.ഐ.ടി) 145 കേസുകളാണ് അന്വേഷിക്കുന്നത്.

ഇതിലേറെയും തീവ്രവാദവുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ പലതും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. നിലമ്പൂര്‍ തീവണ്ടി അട്ടിമറിയടക്കം സുപ്രധാന കേസുകളിലൊന്നും പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ല. മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസിന്റെ അന്വേഷണവും ഉദാഹരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ കേസുകളുടെ അന്വേഷണത്തിന് ഒന്നിലധികം ഏജന്‍സികള്‍ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. ഐ.എസ്.ഐ.ടിയെ പൊളിച്ചടുക്കിയതും ചില കേന്ദ്ര ഏജന്‍സികളുടെ ഇടപെടലാണെന്നാണ് ആക്ഷേപം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം