മുസ്ലിംയൂത്ത് ലീഗ് സംഘടനാ തിരഞ്ഞെടുപ്പ്; നേതൃനിരയിലേക്ക് വടംവലി തുടങ്ങി

By കെ സുരേഷ്|Sunday August 21st, 2016
2

Munavarali PK firoz MYLകോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ നേതൃത്വം പിടിച്ചെടുക്കാന്‍ അണിയറയില്‍ വടംവലി തുടങ്ങി. സംഘടനയിലെ ചില നേതാക്കളുടെ നേതൃത്വത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് വടംവലിക്കു തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി ദേശീയ കണ്‍വീനര്‍ പി കെ ഫിറോസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ അരയും തലയുംമുറുക്കി രംഗത്തുണ്ട്. യൂത്ത്‌ലീഗ് കൗണ്‍സിലിലെ ഭൂരിപക്ഷവും സംഘടനാ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചാണ് പി കെ ഫിറോസ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍ മുന്‍കാലങ്ങളിലേത് പോലെ ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ പലപ്പോഴും കൈകടത്തുന്ന ഇ.കെ വിഭാഗം സമസ്തയെ രംഗത്തിറക്കിയാണ് നജീബ് വിഭാഗം ചരടുവലിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍ എന്നിവരുമായി ഇരുവര്‍ക്കും അടുത്ത ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി ഇരു വിഭാഗവും മുന്നോട്ട് പോകുന്നത് പാര്‍ട്ടി നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ സമവായ സാരഥി എന്ന നിലയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയും പാലക്കാട് നിന്നുള്ള എം എ സമദ് ട്രഷററുമായ കമ്മിറ്റിയെക്കുറിച്ചുള്ള ആലോചനയും സജീവമാണ്.

നിലവിലെ സംസ്ഥാന സെക്രട്ടറിയും രണ്ട് തവണ എം എസ് എഫ് പ്രസിഡന്റുമായ പി കെ ഫിറോസിനാണ് നിലവിലെ കൗണ്‍സിലില്‍ ഭൂരിപക്ഷമത്രെ. കൂടുതല്‍ ജില്ലാ കമ്മിറ്റികളുടെയും പിന്തുണ അദ്ദേഹത്തിനാണെന്നാണറിയുന്നത്. കൂടാതെ യൂത്ത്‌ലീഗിന്റെ പ്രായപരിധിയായ 40ല്‍ കുറവ് എന്നതും ഫിറോസിന് തുണയാണ്. മികച്ച പ്രഭാഷകനും സംഘാടകനുമായ ഫിറോസിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലം മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ യൂത്ത്‌ലീഗ് നേതൃത്വത്തിലെ ചിലരും ഒരു പാര്‍ട്ടി എം എല്‍ എയും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ തെറിക്കുകയായിരുന്നു. നേരത്തെ ഫിറോസിനെതിരെ രംഗത്തിറങ്ങിയവര്‍ ഇപ്പോഴും ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം, രാജ്യസഭ സീറ്റ് തുടങ്ങിയ വിഷയങ്ങളില്‍ ഫിറോസ് ഇ കെ വിഭാഗം സമസ്തയുടെ നയങ്ങള്‍ക്കെതിരായി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതാണ് സമസ്തയില്‍ ഫിറോസിനെതിരായ നീക്കം നടത്താന്‍ കാരണം. ഈ സാഹചര്യത്തില്‍ സമസ്ത നേതാവ് കൂടിയായ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട് ശ്രദ്ധേയമാകും. പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെയും യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സിലിന്റെയും നിലപാടുകളും തങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചേക്കും.

നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതൃത്വത്തിലെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും ഇ കെ വിഭാഗം സമസ്തയുടെ സമ്മദര്‍ദ്ദത്തിനു വഴങ്ങി കെ പി എ മജീദിനെ ഒഴിവാക്കി പി വി അബ്ദുല്‍ വഹാബിന് സീറ്റ് നല്‍കിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. നിലവിലെ പ്രസിഡന്റ് ഹൈദരലി തങ്ങളുടെയും മലപ്പുറം ജില്ലാ പ്രസിഡന്റ് സ്വാദിഖലി തങ്ങളുടെയും നിലപാടാണ് അന്ന് വഹാബിന് തുണയായത്. അത്തരത്തിലൊരു നീക്കത്തിനാണ് നജീബിന്റെ കാര്യത്തിലും ഫിറോസ് വിരുദ്ധര്‍ ശ്രമിക്കുന്നത്. പി കെ ഫിറോസിനെ പുതുതായി രൂപവത്കരിക്കുന്ന അഖിലേന്ത്യാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാക്കി ഒതുക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുന്ന തരത്തില്‍ സംഘടനാ ഭരണഘടന പൊളിച്ചെഴുതേണ്ടിവരുമെന്നും മറുവിഭാഗം പറയുന്നു. യൂത്ത്‌ലീഗിന്റെ പ്രായപരിധിയായ 40 നജീബിന് കഴിഞ്ഞതാണ് പ്രശ്‌നം. നേരത്തെ യൂത്ത്‌ലീഗിന്റെ പ്രായപരിധി 35 ആയിരുന്നു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ എം ഷാജി ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയെ തിരഞ്ഞെടുക്കാനാണ് ഇത് 40 ആക്കി ഉയര്‍ത്തിയത്. സംസ്ഥാനത്ത് ഒരു യുവജന സംഘടനക്കും 40ല്‍ അതികം പ്രായപരിധിയില്ലെന്നിരിക്കെ വീണ്ടും ഇത് ഉയര്‍ത്തുന്നത് കടുത്ത ആക്ഷേപത്തിനിടയാക്കിയേക്കും.

എന്നാല്‍ സംസ്ഥാന ഭാരവാഹികളുടെ പുന:സംഘടന വൈകിപ്പിച്ചതാണ് പ്രായപരിധി 40 കഴിയാന്‍ കാരണമെന്നാണ് നജീബ് അനുകൂലികള്‍ പറയുന്നത്. നജീബിന്റെ ഇപ്പോഴത്തെ പ്രായം 41 ആണ്. മൂന്ന് വര്‍ഷമാണ് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ കാലാവധി. എന്നാല്‍ പുന:സംഘടന കഴിഞ്ഞിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷത്തിനടുത്തായി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പുന:സംഘടിപ്പിക്കുകയും മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ നേരത്തെ കമ്മിറ്റിയില്‍ ഇത് പറയാതെ, ഇത്തരമൊരു നിലപാടുമായി ഇപ്പോള്‍ രംഗത്തെത്തുന്നത് ബാലിശമാണെന്നാണ് ഫിറോസ് വിഭാഗത്തിന്റെ നിലപാട്. മാത്രമല്ല അടുത്തിടെ നടന്ന എം എസ് എഫ് പുന:സംഘടനയില്‍ 30 എന്ന പ്രായപരിധി കൃത്യമായി പാലിച്ചിട്ടുണ്ടെന്നും യൂത്ത്‌ലീഗിനും ഇത് ബാധകമാണെന്നും ഇവര്‍ പറയുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി രംഗത്തുണ്ടെങ്കിലും അദ്ദേഹത്തെ പുതുതായി രൂപവത്കരിക്കുന്ന അഖിലേന്ത്യാ കമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്‌റഫലിയുടെ കാര്യത്തിലും സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളിലടക്കം സമസ്തയുടെ അതിരുകവിഞ്ഞ ഇടപെടല്‍ ഇനിയും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും ശക്തമാണ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ തുടര്‍ന്നാണ് ശാഖാ തലം മുതല്‍ സംസ്ഥാന തലം വരെ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുന്നത്. ശാഖാ, പഞ്ചായത്ത് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയായി. നിയോജകമണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണം നടന്നുവരികയാണ്. ഈ മാസത്തോടെ ഇത് പൂര്‍ത്തിയാകും. സെപ്തംബര്‍ പകുതിയോടെ എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റികള്‍ വരും.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17353-myl-state-committee-election">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം