പാലത്തായി പീഡനക്കേസ്; നീതിക്കുവേണ്ടി വിശ്വാസികള്‍ സമരത്തിനിറങ്ങണമെന്ന് സമസ്ത നേതാവ്

അനാഥകളുടെ സംരക്ഷണം വിശ്വാസികളുടെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ദുര്‍ബലരായവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തുകൊണ്ട് സമരത്തിനിറങ്ങുന്നില്ലെന്ന ചോദ്യവും ഖുര്‍ആന്‍ ഉയര്‍ത്തുന്നു. പാലത്തായി വിഷയത്തില്‍ വിശ്വാസികള്‍ സമരത്തിനിറങ്ങണമെന്നും ബഹാവുദീന്‍ നദ്‌വി ആഹ്വാനം ചെയ്യുന്നു.

Friday July 17th, 2020

കൊച്ചി: പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് ബഹാവുദീന്‍ നദ്‌വി. അനാഥ ബാലികയെ നിഷ്‌കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയും ജാമ്യം അനുവദിച്ചതിലൂടെയും വെളിവായിരിക്കുന്നതെന്ന് ബഹാവുദീന്‍ നദ്‌വി ഫേസ്ബുക്കില്‍ കുറിച്ചു. ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ചെറുത്ത് തോല്‍പിക്കണം. പീഡിപ്പിക്കപ്പെട്ട കുട്ടി അനാഥയാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അനാഥകളുടെ സംരക്ഷണം വിശ്വാസികളുടെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ദുര്‍ബലരായവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തുകൊണ്ട് സമരത്തിനിറങ്ങുന്നില്ലെന്ന ചോദ്യവും ഖുര്‍ആന്‍ ഉയര്‍ത്തുന്നു. പാലത്തായി വിഷയത്തില്‍ വിശ്വാസികള്‍ സമരത്തിനിറങ്ങണമെന്നും ബഹാവുദീന്‍ നദ്‌വി ആഹ്വാനം ചെയ്യുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെയെല്ലാം പ്രത്യേക ശ്രദ്ധയും പിന്തുണയും അനിവാര്യമായും അര്‍ഹിക്കുന്നൊരു കേസാണ് കണ്ണൂര്‍ ജില്ലയിലെ പാലത്തായിയിലേത്. സവിശേഷമായ പല ഘടകങ്ങളും കാരണം ഈ കേസ് പരാജയപ്പെടാതിരിക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെയും വിശിഷ്യ വിശ്വാസീ സമൂഹത്തിന്റെയുമെല്ലാം പൊതു ബാധ്യത കൂടിയായി വരുന്നു. ബി.ജെ.പി നേതാവായ സ്‌കൂളധ്യാപകന്‍ പ്രതിസ്ഥാനത്തുണ്ടെന്നതു മാത്രമല്ല,പിതാവ് മരണപ്പെട്ട അനാഥയായൊരു പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നത് നമ്മളെയെല്ലാം അങ്ങേയറ്റം അസ്വസ്ഥരാക്കേണ്ടതാണ്.

അനാഥ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സമൂഹത്തിന്റെ പൊതുബാധ്യതയാണ് അനാഥ സംരക്ഷണമെന്ന് നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. അനാഥാലയങ്ങളുണ്ടാക്കലും അവര്‍ക്ക് ഭക്ഷണവസ്ത്രപാര്‍പ്പിട സൗകര്യങ്ങളൊരുക്കലും മാത്രമല്ല ഇസ്‌ലാമിക ദൃഷ്ട്യാ അനാഥ സംരക്ഷണം. മറിച്ച്, അവരുടെ അഭിമാനവും അവകാശവും ചാരിത്ര്യവുമൊക്കെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ പ്രത്യേക ബാധ്യതയാണ്.

അനാഥ ബാലികയെ നിഷ്‌കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയും ഇപ്പോള്‍ ജാമ്യം അനുവദിച്ചതിലൂടെയും വെളിവായിരിക്കുന്നത്. നിസാര വകുപ്പുകള്‍ ചുമത്തി ബി.ജെ.പി നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും മൗനം പാലിക്കുന്നത് ചെറുത്തുതോല്‍പ്പിച്ചേ തീരൂ. അതിഭീകരവും കിരാതവുമായ ഈ നീതി നിഷേധത്തിനെതിരെ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അനാഥ ബാലികയുടെ അവകാശപ്പോരാട്ടമെന്ന നിലയില്‍ മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കണം. നമ്മുടെ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇവ്വിഷയത്തിലെ അലംഭാവം വിട്ടൊഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ കൃത്യവിലോപത്തിന് നാം വലിയ വിലകൊടുക്കുകയും മറുപടി പറയുകയും ചെയ്യേണ്ടിവരുമെന്നു തീര്‍ച്ച.ദുര്‍ബലരായ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ധര്‍മ സമരമനുഷ്ഠിക്കുന്നില്ല എന്ന ഖുര്‍ആനിക താക്കീത് (4:75) നമ്മുടെ ശ്രവണ പുടങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കട്ടെ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം