ആദ്യ പ്രസവത്തിന് 5000 രൂപ; അപേക്ഷ ക്യു.ആര്‍.കോഡ് സംവിധാനത്തിലേക്ക് മാറുന്നു

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും പോഷക നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മാതൃവന്ദന യോജന.

Wednesday June 17th, 2020

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാതൃവന്ദന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്ന പേരും മറ്റ് വിവരങ്ങളും വ്യത്യാസമല്ലാതിരിക്കാനാണ് ആധാര്‍ സ്‌കാന്‍ ചെയ്ത് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് എല്ലാ ഐ.സി.ഡി.എസുകളിലും ക്യുആര്‍ കോഡ് റീഡര്‍ സ്ഥാപിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ ക്യുആര്‍ കോഡിലൂടെ ശേഖരിക്കാന്‍ കഴിയുമെന്നതിനാല്‍ തെറ്റുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാനും സാധിക്കുന്നു. 258 ഐ.സി.ഡി.എസുകളില്‍ ക്യുആര്‍ കോഡ് റീഡര്‍ വാങ്ങുന്നതിന് 25.80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും പോഷക നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മാതൃവന്ദന യോജന. 2017 ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം മൂന്ന് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. 2018-19 സാമ്പത്തിക വര്‍ഷം 2,21,079 അമ്മമാര്‍ക്ക് ആകെ 97.29 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷം 1,87,314 അമ്മാര്‍ക്ക് ആകെ 101.08 കോടി രൂപയുമാണ് പദ്ധതിയിനത്തില്‍ നല്‍കിയിട്ടുള്ളത്.

അങ്കണവാടി കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ഐ.സി.ഡി.എസ് ഓഫീസുകള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അമ്മമാരില്‍ മെച്ചപ്പെട്ട ആരോഗ്യവും നല്ലശീലങ്ങളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ കാലയളവില്‍ അവര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമായി ധനസഹായം നല്‍കുക വഴി പ്രസവത്തിന് മുന്‍പും പിന്‍പും മതിയായ വിശ്രമം ലഭിക്കുന്നു. എല്ലാ അമ്മമാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനായി അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നുണ്ട്. മാത്രമല്ല ഈ പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിയ ഓരോ സെക്ടറിലേയും രണ്ട് അങ്കണവാടി ജീവനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം