സൗഹൃദത്തിന്റെ കൂടിച്ചേരലായി സഭയിലെ ഒന്നാം ദിനം

Friday June 3rd, 2016

Niyama sabha 1st dayതിരുവനന്തപുരം: സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വേദികൂടിയായിരുന്നു 14ാം നിയമസഭയുടെ ആദ്യദിനം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പോരടിച്ചവര്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒത്തുചേര്‍ന്നു. ഹസ്തദാനം നല്‍കിയും ആലിംഗനം ചെയ്തും തമാശകള്‍ പറഞ്ഞും സഭയിലെ ആദ്യദിനം അവര്‍ അവിസ്മരണീയമാക്കി. ആദ്യവും അവസാനവും എത്തിയത് തലസ്ഥാന ജില്ലയിലെ സി.പി.എം അംഗങ്ങളായിരുന്നു. പാറശ്ശാലയില്‍നിന്നുള്ള സി. ഹരീന്ദ്രന്‍ ആദ്യവും ആറ്റിങ്ങലില്‍നിന്നുള്ള ബി. സത്യന്‍ അവസാനവുമെത്തി. സഭയിലെ ഏറ്റവും ഉയരമുള്ള വ്യക്തിയായ ഹരീന്ദ്രന്‍ 8.30ന് തന്നെയത്തെി. തൊട്ടുപിന്നാലെ അരുവിക്കരയിലെ കെ. ശബരീനാഥനും. പിന്നാലെ പാലക്കാട് ജില്ലയില്‍നിന്നുള്ള കെ.ഡി. പ്രസേനനും കെ. ബാബുവും പി. ഉണ്ണിയും. തുടര്‍ന്ന് എം.എം. മണി എത്തി. ഒപ്പം എസ്. രാജേന്ദ്രനും.

മന്ത്രിമാരില്‍ ആദ്യം സഭയിലത്തെിയത് ഇ.പി. ജയരാജനായിരുന്നു. സഭയിലുണ്ടായിരുന്നവര്‍ക്കെല്ലാം കൈ നല്‍കി സൗഹൃദ സംഭാഷണത്തിലും അദ്ദേഹം ഏര്‍പ്പെട്ടു. പ്രതിപക്ഷനിരയില്‍ രണ്ടാമതായി എത്തിയത് പെരുമ്പാവൂരില്‍നിന്നുള്ള എല്‍ദോസ് കുന്നപ്പള്ളിയായിരുന്നു. ഘടകകക്ഷി മന്ത്രിമാരില്‍ പ്രഥമനായി വന്നത് സി.പി.ഐയുടെ ഇ. ചന്ദ്രശേഖരനായിരുന്നു. ലീഗ് എം.എല്‍.എമാര്‍ എല്ലാവരും കക്ഷിനേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നിച്ചാണെത്തിയത്. പിന്നാലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ബി.ജെ.പിയുടെ ആദ്യസഭാംഗം ഒ. രാജഗോപാല്‍ കാവിഷാളണിഞ്ഞ് പ്രസന്നവദനനായാണ് കടന്നുവന്നത്. ലീഗ് അംഗങ്ങളായ എന്‍.എ. നെല്ലിക്കുന്നും എന്‍. ഷംസുദ്ദീനും കൈനല്‍കി സ്വീകരിച്ചു. പിന്നാലെ കൂപ്പുകൈകളുമായി ഇ.പി. ജയരാജനും എത്തി. അദ്ദേഹവും രാജഗോപാലിന് ഹസ്തദാനം നല്‍കി മുന്‍നിരയിലെ സീറ്റിലേക്ക് കൊണ്ടുപോയി. രാജഗോപാലിന് എല്ലാവരും ഊഷ്മളമായ വരവേല്‍പാണ് നല്‍കിയത്. 8.47ന് വി.എസ്. അച്യുതാനന്ദന്‍ എത്തി. തുടര്‍ന്ന് എല്ലാവരും അദ്ദേഹത്തിന്റെ സമീപത്തേക്ക് പോയി. വി.എസിന് പന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എത്തി.

സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ പിണറായി നേരെ വി.എസിന്റെ അടുത്തുവന്ന് അദ്ദേഹത്തിന് കൈ നല്‍കി. തുടര്‍ന്ന് പ്രതിപക്ഷനിരയിലേക്ക് നീങ്ങിയ പിണറായി ഓരോ ഇരിപ്പിടത്തിലും ചെന്ന് അംഗങ്ങള്‍ക്ക് ഹസ്തദാനം നല്‍കി. ഒടുവില്‍ പിന്‍നിരയിലിരുന്ന പി.സി. ജോര്‍ജിന്റെ അടുത്തെത്തി അല്‍പനേരം കുശലവും പറഞ്ഞു. സൗഹൃദത്തോടെ ജോര്‍ജിന്റെ തോളില്‍ തട്ടിയശേഷമാണ് പിണറായി മുന്നോട്ട് നീങ്ങിയത്. 8.55ന് നിയുക്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എത്തി. ഭരണപക്ഷത്തേക്ക് മടങ്ങിയ പിണറായി, അദ്ദേഹത്തെക്കണ്ട് വീണ്ടും തിരിച്ചുവന്ന് ഹസ്തദാനം നല്‍കി. കൃത്യം ഒമ്പതിന് സഭയില്‍ ബെല്‍ മുഴങ്ങി. പിന്നാലെ പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മ സഭയിലെത്തി. ദേശീയഗാനത്തോടെ നടപടികള്‍ ആരംഭിച്ചു. സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുമ്പോഴാണ് മോന്‍സ് ജോസഫ് എത്തിയത്. ചവറയിലെ അംഗം വിജയന്‍പിള്ള എത്തിയപ്പോഴേക്കും 9.25 ആയി. 9.37ന് ആറ്റിങ്ങലില്‍നിന്നുള്ള സത്യനും സഭയില്‍ ഹാജരായി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം