പിണറായി മന്ത്രിസഭയില്‍ 20 പേര്‍; ഇത്തവണ സി.പി.ഐക്ക് അഞ്ചാം മന്ത്രി

Saturday May 21st, 2016

Pinarayi Kodiyeriതിരുവനന്തപുരം: അധികാരമേറ്റെടുക്കാന്‍ പോകുന്ന പിണറായി മന്ത്രിസഭയില്‍ 20 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധന ഉണ്ടാകുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ സി.പി.എമ്മിന് 12ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണുണ്ടായിരുന്നത്. യു.ഡി.എഫ് സര്‍ക്കാറില്‍ മുസ്ലിംലീഗ് അഞ്ചാംമന്ത്രിസ്ഥാനം ആവശ്യപ്പെട്ടതു പോലെ സി.പി.ഐ ഇത്തവണ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണറിയുന്നത്. എല്‍.ഡി.എഫില്‍ ഭൂരിപക്ഷം സീറ്റുകളും സി.പി.എമ്മിനും സി.പി.ഐക്കുമാണെന്നതും ഇരുപാര്‍ട്ടികളുടെ മന്ത്രിസ്ഥാനങ്ങള്‍ കൂട്ടാന്‍ കാരണമാണ്. മേയ് 22ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും 23ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍, വനിതാ, യുവ, ജില്ലാ, സാമുദായിക, പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതാവും പട്ടിക എന്നാണ് സൂചന.

ഇ.പി. ജയരാജന്‍, ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, ജി. സുധാകരന്‍, എസ്. ശര്‍മ, കെ.കെ. ഷൈലജ, എ. പ്രദീപ്കുമാര്‍, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, വി.കെ.സി. മമ്മത്‌കോയ, എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, ഐഷാപോറ്റി, ജെ. മെഴ്‌സിക്കുട്ടിയമ്മ, പി. ശ്രീരാമകൃഷ്ണന്‍, എം. സ്വരാജ്, സുരേഷ് കുറുപ്പ് തുടങ്ങിയവരുടെ പേരുകളാണ് സി.പി.എമ്മില്‍നിന്ന് കേള്‍ക്കുന്നത്. സ്പീക്കര്‍ പദവിയും സി.പി.എമ്മിനാവും. ഡോ. കെ ടി ജലീലിന് സ്പീക്കര്‍ പദവി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, ഇ.എസ്.ബിജിമോള്‍, കെ. രാജന്‍ എന്നിവരുടെ പേരുകളാണ് സി.പി.ഐ പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി സി.പി.ഐക്കുള്ളതാണ്. ഇതിലേക്ക് വി. ശശിയെ പരിഗണിച്ചേക്കും.

ജനതാദള്‍ എസില്‍നിന്ന് മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍ കുട്ടി, എന്‍.സി.പിയില്‍നിന്ന് തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസില്‍നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും പരിഗണിക്കപ്പെട്ടേക്കാം. എല്‍.ഡി.എഫിനോട് പുറത്തുനിന്ന് സഹകരിച്ച് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് (ബി), സി.എം.പി, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കേണ്ടെന്നാണ് പ്രാഥമിക തീരുമാനം. എന്നാല്‍ ഇക്കാര്യവും ഞായറാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാവും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം