പുത്തന്‍മാവേലിക്കര പെണ്‍വാണിഭം; പ്രതികള്‍ക്ക് ജീവപര്യന്തം

Wednesday May 11th, 2016

Peedanam Rapeകൊച്ചി: പുത്തന്‍വേലിക്കര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നാലാമത്തെ കേസിലാണ് ഒന്ന്, രണ്ട്, നാല് പ്രതികളായ തിരുവനന്തപുരം വെഞ്ഞാറമൂട് മരുതമൂട് ഗീതാലയത്തില്‍ രാജീവ് (29), വരന്തരപ്പള്ളി വെള്ളത്തേറ വീട്ടില്‍ സിനോജ് (25), കീഴൂപ്പാടം കുഞ്ഞേലിപ്പറമ്പില്‍ ലിജിത്ത് (24) എന്നിവരെ എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. തടവ് ശിക്ഷക്കുപുറമെ ഒരുലക്ഷം രൂപ വീതം പിഴ അടക്കാനും ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം തടവ് അധികം അനുഭവിക്കണം. പിഴസംഖ്യ പെണ്‍കുട്ടിക്ക് നല്‍കാനാണ് നിര്‍ദേശം. കേസ് അന്വേഷിച്ച പുത്തന്‍വേലിക്കര പൊലീസ് ഏഴുപേരെയാണ് പ്രതിചേര്‍ത്തിരുന്നത്. വ്യത്യസ്ത സംഭവങ്ങളിലായതിനാല്‍ കോടതി ഇവര്‍ക്കെതിരെ നാല് കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടപടി തുടങ്ങുകയായിരുന്നു.

രണ്ടാം പ്രതി സിനോജിന്റെ അഭാവത്തിലാണ് കോടതി ഇയാളുടെ ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തീയതി പ്രഖ്യാപിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു. പ്രതി ഹാജരായില്ലെങ്കിലും നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിയായ പുത്തന്‍വേലിക്കര പുളിക്കല്‍ വീട്ടില്‍ അജി (37) വിചാരണ പാതിവഴിയിലായപ്പോള്‍ മുങ്ങിയിരുന്നു. ഇയാളെ പിടികൂടുന്ന മുറക്ക് വീണ്ടും വിചാരണ നടത്തും.

2006ല്‍ ഒന്നാം പ്രതി രാജീവ് വാടകക്ക് എടുത്തിരുന്ന പുത്തന്‍വേലിക്കരയിലെ വീട്ടില്‍ വച്ചാണ് 16കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. രാജീവിന്റെ ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി ടി.വി കാണാന്‍ വന്നപ്പോളാണ് മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവദിവസം രാജീവിന്റെ ഭാര്യയും കുട്ടികളും പുറത്തുപോയിരുന്നു. പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പലതവണ വീണ്ടും ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ നേരത്തേ കോടതി ശിക്ഷിച്ച ഫ്രാന്‍സിസ് എന്നയാളുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി 2008ല്‍ ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ വഴി പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം