സി.ബി.എസ്.ഇ: വസ്ത്ര നിയന്ത്രണത്തിനെതിരെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

Thursday April 14th, 2016

Campus front CBSE 2തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര നിരോധനം ഉള്‍പ്പെടെ വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയ സിബിഎസ്ഇയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വനിതാ പ്രവര്‍ത്തകര്‍ തിരുവനന്തപുരം റീജ്യനല്‍ ഓഫിസറെ ഘെരാവോ ചെയ്തു. സിബിഎസ്ഇ ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതില്‍ നിഷേധാത്മക നിലപാടു സ്വീകരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച രാവിലെ 12 മണിയോടെ 15ഓളം വിദ്യാര്‍ഥിനികള്‍ റീജ്യനല്‍ ഓഫിസര്‍ മഹേഷ് ഡി ധര്‍മാധികാരിയെ തടഞ്ഞുവച്ചത്.
cfi
റീജ്യനല്‍ ഓഫിസറും വിദ്യാര്‍ഥിനികളും തമ്മില്‍ പിന്നീട് രൂക്ഷമായ വാദപ്രതിവാദം നടന്നു. വിദ്യാര്‍ഥിനികളുടെ പല ചോദ്യങ്ങള്‍ക്കു മുന്നിലും വ്യക്തമായ മറുപടി നല്‍കാനാവാതെ ഓഫിസര്‍ കുഴങ്ങി. നിങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തൂവെന്നായിരുന്നു ഡയറക്ടറുടെ വിശദീകരണം. എന്നാല്‍, കേരളത്തിലെ സിബിഎസ്ഇയുടെ ചുമതലയുള്ള ഓഫിസര്‍ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാവണമെന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. ഇതോടെ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
ഒരു മണിക്കൂറോളം റീജ്യനല്‍ ഓഫിസില്‍ പ്രതിഷേധിച്ച വനിതാപ്രവര്‍ത്തകരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കാംപസ് ഫ്രണ്ട് സംസ്ഥാനസമിതിയംഗം ഹസ്‌ന ഫെബിന്‍, ഹാദിയ റഷീദ്, നസീഹ ബിന്‍ത് ഹുസയ്ന്‍, സക്കിയ, മുബഷീറ, സാദിബ നേതൃത്വം നല്‍കി. പേരൂര്‍ക്കട വനിതാ പോലിസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Campus front CBSE 1പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജന. സെക്രട്ടറി ടി അബ്ദുല്‍നാസര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിട്ടും റീജ്യനല്‍ ഓഫിസറുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടായില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മെയ് ഒന്നിന് പ്രവേശനപ്പരീക്ഷ നടക്കാനിരിക്കെ സര്‍ക്കുലര്‍ പിന്‍വലിക്കാനായി യാതൊരു നീക്കവും നടത്താത്തത് അംഗീകരിക്കാനാവില്ല. ഏതു വസ്ത്രം ധരിക്കണമെന്നത് വിദ്യാര്‍ഥിനികളാണു തീരുമാനിക്കേണ്ടത്. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. പ്രവേശനപ്പരീക്ഷാ ഹാളില്‍ സിസിടിവി കാമറകള്‍ അടക്കമുള്ള ആധുനിക സജ്ജീകരണമുള്ളപ്പോഴാണ് കോപ്പിയടിയുടെ പേരുപറഞ്ഞ് വിദ്യാര്‍ഥിനികളുടെ അവകാശം നിഷേധിക്കുന്നത്. സിബിഎസ്ഇയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മെയ് ഒന്നിനു നടക്കുന്ന അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ മുന്നറിയിപ്പു നല്‍കി. സമരം ഇതുകൊണ്ടൊന്നും അവസാനിക്കില്ല. കേരളത്തിലെമ്പാടുമുള്ള വിദ്യാര്‍ഥിനികളെ അണിനിരത്തി സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
നാണം മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനായി സമരം നടത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ അറസ്റ്റ് ചെയ്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം