പ്രവാചക നിന്ദ; മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

Thursday March 10th, 2016

Mathrubhumi Sorrowedകോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പത്രപംക്തിയില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമായതിനത്തെുടര്‍ന്ന് മാതൃഭൂമി പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു. ‘മാതൃഭൂമി’ പത്രത്തിലെ ‘നഗരം’ പ്രത്യേക പതിപ്പിലെ ‘ആപ്‌സ് ടോക്’ പംക്തിയിലാണ് പ്രവാചകനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത്. കടുത്ത പ്രതിഷേധവും ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനവും അരങ്ങേറിയതോടെ പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു.

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രഭാഷണത്തിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളാണ് പംക്തിയില്‍ അവതരിപ്പിച്ചത്. പ്രവാചകനെ കണക്കറ്റ് പരിഹസിക്കുന്ന കുറിപ്പില്‍ ഇസ്ലാമിക ജീവിതവ്യവസ്ഥയെയും അധിക്ഷേപിക്കുന്നു. തീവ്രവാദ സംഘടനയായ ഐ.എസുമായി ഇസ്ലാമിനെ ബന്ധിപ്പിക്കാനും ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളുടെ വിവരമൊന്നും പത്രത്തിലെ കുറിപ്പിലുണ്ടായിരുന്നില്ല. വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പത്രത്തിന്റെ ഓഫിസുകളിലേക്ക് പ്രതിഷേധവിളികള്‍ വന്നു. കോഴിക്കോട്, കാസര്‍കോട് ഓഫിസുകളിലേക്ക് പ്രകടനവും നടന്നു. ഇതോടെ, പത്രത്തിന്റെ ഇപേപ്പറില്‍നിന്ന് വിവാദ പേജ് പിന്‍വലിച്ചു. വൈകീട്ടോടെ ഓണ്‍ലൈന്‍ എഡിഷനില്‍ പത്രാധിപരുടെ ഖേദപ്രകടനവും വന്നു. വ്യാഴാഴ്ച മുഴുവന്‍ എഡിഷനിലും ഒന്നാം പേജില്‍ ഖേദപ്രകടനവും നടത്തിയിട്ടുണ്ട്.

ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനും പ്രവാചകനെ നിന്ദിക്കാനും ശ്രമിക്കുന്ന നീക്കത്തെ നേരിടുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. വരികള്‍ക്കിടയില്‍ പ്രവാചകനിന്ദ നടത്തുകയും പത്രമുതലാളിമാര്‍ മതേതര വാദികളായി ചമയുകയും ചെയ്യുന്നത് കാപട്യമാണെന്നും അവര്‍ പറഞ്ഞു. പ്രവാചകനെ മോശമായി ചിത്രീകരിച്ചുവന്ന പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അശ്‌റഫലിയും ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്, പോപുലര്‍ ഫ്രണ്ട് സംഘടനകള്‍ പത്രമോഫിസിലേക്ക് മാര്‍ച്ചും നടത്തി.

പ്രവാചക നിന്ദ അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമി
പ്രവാചകനെ അപഹസിച്ചും ഇസ്ലാമിക സംസ്‌കാരത്തെയും വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെയും അവഹേളിച്ചും ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇസ്ലാമിക ശരീഅത്തിനെതിരെ നടക്കുന്ന അബദ്ധജടിലമായ ചര്‍ച്ചകള്‍ ഏറ്റുപിടിച്ച് പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. യഥാര്‍ഥ പത്രത്തിന്റെ സംസ്‌കാരവും നൂറ്റാണ്ടിന്റെ പാരമ്പര്യവും അവകാശപ്പെടുന്ന പത്രം ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ പോലും മറന്നുപോകുന്നു. മാതൃഭൂമിയുടെ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോ ഇതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

തെറ്റിദ്ധാരണാജനകം: കെ.എന്‍.എം
മുഹമ്മദ് നബിയെയും മുസ്ലിംകളെയും അവഹേളിക്കുന്ന തരത്തില്‍ ‘മാതൃഭൂമി’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് തെറ്റിദ്ധാരണാജനകമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍. ‘മാതൃഭൂമി’ പോലുള്ള ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം പഠിക്കാനും സൂക്ഷ്മത പാലിക്കാനും തയാറാവണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു. ബഹുഭാര്യത്വം കേവലം ഇസ്ലാമിനെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ചചെയ്യേണ്ട വിഷയമല്ല. എല്ലാ മതസ്ഥരിലുമുണ്ട് ഒന്നിലേറെ വിവാഹം ചെയ്യുന്നതോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ആയവര്‍. ഇഷ്ടംപോലെ ഭാര്യമാരെ കൂടെപ്പൊറുപ്പിക്കാന്‍ സാമൂഹിക അംഗീകാരമുണ്ടായിരുന്ന കാലത്ത് അവരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്. അതിനുതന്നെ മുന്നോട്ടുവെച്ച നിബന്ധനകള്‍ കണ്ടാലറിയാം ഇസ്ലാം ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുകയാണോ നിരുത്സാഹപ്പെടുത്തുകയാണോ ചെയ്തതെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം