കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് വെള്ളാപ്പള്ളി

Monday February 22nd, 2016

Vellapally Oomman chandyകോട്ടയം: മുഖ്യമന്ത്രിയെ അകമഴിഞ്ഞു പ്രശംസിച്ചും കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവിലിയന്റെ ശിലാന്യാസ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
നാമമാത്ര ഭൂരിപക്ഷത്തില്‍ തുടങ്ങിയ യു.ഡി.എഫ്. ഭരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയെ സമ്മതിച്ചേ പറ്റൂ. സംസ്ഥാനം കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും ചടങ്ങിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി പറഞ്ഞു. മൂര്‍ഖനെയും അണലിയെയും ചേരയെയും ഒേര കുട്ടയിലാക്കി കൊത്തു കൊള്ളാതെ കൊണ്ടുപോകുന്നതിനൊപ്പം സുഗമമായ ഭരണം കാഴ്ച വയ്ക്കാനും ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. ഒന്നു രണ്ടു പേരുടെ ഭൂരിപക്ഷവുമായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കാലാവധി തികക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍, ഒരാള്‍ പോകുമ്പോള്‍ പകരം രണ്ടാള്‍ വരുന്ന രീതിയിലായി കാര്യങ്ങള്‍. അസാമാന്യമായ മെയ്‌വഴക്കത്തോടെ എല്ലാവരെയും ഉമ്മന്‍ചാണ്ടി ഒന്നിപ്പിച്ചുനിര്‍ത്തി. എല്ലാ ആഴ്ചയിലും പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ഥിക്കുന്നതും ഭാര്യയുടെ പ്രാര്‍ഥനയും മൂലമുള്ള ദൈവാനുഗ്രഹം മുഖ്യമന്ത്രിക്കുണ്ട്. ആര്‍ക്കും ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഇപ്പോഴും വാക്കൗട്ടിനു പിന്നാലെയാണ്. ശക്തമായ പ്രതിപക്ഷമുണ്ടായിട്ടും എല്ലാം പാസാക്കിയെടുക്കാനുള്ള മഹാഭാഗ്യം ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ലഭിച്ചത് അതുകൊണ്ടാണ്.
മൈക്രോഫിനാന്‍സിന്റെ പേരു പറഞ്ഞു തന്നെ തകര്‍ക്കാനായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ശ്രമം. സമത്വമുന്നേറ്റ യാത്ര അവസാനിച്ചപ്പോഴേക്കും സുധീരന്റെ ശ്രമഫലമായി താന്‍ കേസില്‍ പ്രതിയായെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കു പാര്‍ലമെന്ററി മോഹമില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമില്ല. മൈക്രോഫിനാന്‍സിനെയും അതുവഴി തന്നെയും പൊളിച്ചടുക്കുകയാണ് ചിലരുടെ ലക്ഷ്യം. ബി.ഡി.ജെ.എസ്. തന്റെ പാര്‍ട്ടിയല്ല, സമത്വ മുന്നേറ്റ യാത്രയുടെ ഫലമാണ്. ബി.ജെ.പിയുമായി ധാരണയായിട്ടില്ല. അധികാരമുള്ളവരുമായി ചര്‍ച്ച നടത്തിയാല്‍ ധാരണയായി കണക്കാക്കരുത്. പിണറായി വിജയന്‍ വിചാരിച്ചാല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കഴിയുമായിരുന്നുവെങ്കിലും അതിനുള്ള സാഹചര്യമുണ്ടായില്ല. മറ്റു സമുദായങ്ങളെപോലെ തന്നെ തങ്ങളെയും സര്‍ക്കാര്‍ പരിഗണിച്ചു. ഇക്കാര്യത്തില്‍ മറ്റു സര്‍ക്കാരുകളെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടി തങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണു സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം