ഡല്‍ഹി എ.കെ.ജി ഭവന് നേരെ ആക്രമണം

Sunday February 14th, 2016

AKG bhavan Delhiന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹിയിലെ എ.കെ.ജി ഭവനു നേരേ ആക്രമണം. അക്രമികളില്‍ ചിലരെ എ.കെ.ജി ഭവനിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമികള്‍ പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും പാകിസ്താന്റെ ഓഫീസ് എന്ന് എഴുതുകയും ചെയ്തു. അക്രമികള്‍ ഓഫീസ് പരിസരത്ത് പാകിസ്താന്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. അക്രമികളില്‍ ഒരാള്‍ ആം ആദ്മി സേന എന്ന തൊപ്പി ധരിച്ചിരുന്നു. ആക്രമണം നടത്തിയവരില്‍ രണ്ട് പേര്‍ രക്ഷപെട്ടു. പൊലീസ് പിടികൂടിയ രണ്ടു പേരില്‍ സുശാന്ത് എന്നയാളെ തിരിച്ചറിഞ്ഞു. അക്രമികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എ.കെ.ജി ഭവനുനേരെ ആക്രമണം.

ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളുടെ ഭാഗമാണ് പാര്‍ട്ടി ഓഫീസിനു നേരെയുമുണ്ടായതെന്നു സംശയിക്കുന്നു. എ.കെ.ജി ഭവന്‍ ആക്രമിച്ചത് ആര്‍.എസ്.എസ് പിന്തുണയോടെയാണെന്ന് സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്നും ഏതു വെല്ലുവിളിയെയും പാര്‍ട്ടി നേരിടുമെന്നും യെച്ചൂരി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം