മാവോയിസ്റ്റ് വക്താവ് ജോഗിയും പോലിസ് തിരയുന്ന സോമനും ഒരാളെന്ന് സൂചന

By സ്വന്തം ലേഖകന്‍|Wednesday December 23rd, 2015

Mavoist leader soman Maoistമലപ്പുറം: മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ വരുന്ന വാര്‍ത്താക്കുറിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും പിന്നില്‍ പൊലീസ് തിരയുന്ന മാവോയിസ്റ്റ് സോമനെന്നു സൂചന. ഇതുസംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതായാണ് വിവരം. വയനാട്ടിലെ കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയ കല്‍പ്പറ്റ സ്വദേശി സോമന്‍ മാവോയിസ്റ്റ് നേതാവാണെന്ന വിവരം മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് സംസ്ഥാന പൊലീസ് പുറത്തുവിടുന്നത്. മൂന്നുമാസം മുമ്പാണ് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റ് സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. സോമനടക്കം 6 പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവെപ്പില്‍ സോമനടക്കമുള്ളവര്‍ക്കു പരിക്കേറ്റുവെന്നും പൊലീസ് അന്നു പറഞ്ഞെങ്കിലും പരിക്കേറ്റവരെ പൊലീസിനു പിടികൂടാനായിരുന്നില്ല. അന്നു തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളിലെ ആശുപത്രികളിലും വനത്തിലും തണ്ടര്‍ബോള്‍ട്ട്, സംസ്ഥാന പൊലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും പൊലീസ് അവകാശപ്പെട്ട രീതിയിലുള്ള പരിക്കേറ്റ മാവോയിസ്റ്റ് സംഘത്തിലെ ഒരാളെപ്പോലും കണ്ടെത്താതിരുന്നത് സംശയത്തിനിടയാക്കിയിരുന്നു.

13 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കല്‍പ്പറ്റയിലെ ഒരു ആഴ്ചപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി സോമന്‍ ജോലി ചെയ്തിരുന്നത്. അന്നത്തെ എഴുത്തിലുള്ള സാമ്യം നോക്കിയാണ് ജോഗിയെന്ന പേരില്‍ ഇറങ്ങുന്ന വാര്‍ത്താകുറിപ്പുകളും മുന്നറിയിപ്പുകളും സോമന്റേതാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബത്തിലംഗമായിരുന്ന സോമന്‍ അക്കാലത്ത് ഒരു സ്വകാര്യ ബ്ലേഡ് കമ്പനിയില്‍നിന്നും വായ്പയെടുത്തതോടെയാണ് ജീവിതം മാറിമറിയുന്നത്. പലിശ അടക്കാത്തതിനെതുടര്‍ന്ന് ബ്ലേഡ് കമ്പനിയുടമ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും തുടര്‍ന്നു ചെക്ക് കേസില്‍ വിധിയായി ജയിലിടക്കപ്പെടുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷം പുറത്തിറങ്ങിയ ഇയാള്‍ പോരാട്ടം എന്ന നക്‌സല്‍ സംഘടനയില്‍ അംഗമായി ബ്ലേഡ് പലിശക്കാര്‍ക്കും മറ്റുമെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. പിന്നീട് ‘പോരാട്ട’ത്തിന്റെ വിപ്ലവവീര്യം പോരെന്നു കണ്ട് മാവോയിസത്തിലേക്ക് മാറുകയായിരുന്നു.

ഇതിനിടെ ‘പോരാട്ട’ത്തിന്റെ നേതാക്കളുമായി ശത്രുതയിലായ സോമന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടില്‍ നിന്നും അപ്രത്യക്ഷനായിരിക്കുകയാണ്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയേയും പിടികൂടിയ ശേഷമാണ് രണ്ടു സ്ത്രീകളടക്കമുള്ള സംഘത്തില്‍ സോമനുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം പൂക്കോട്ടും പാടത്തുണ്ടായ അക്രമത്തിലും സോമന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന നിഗമനത്തിലാണ് സംസ്ഥാന പോലിസ്. സോമന്‍ കല്‍പ്പറ്റയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇയാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പൊലീസ് ചോര്‍ത്തുന്നതായും വിവരമുണ്ട്. ഇവരുമായി സോമന്‍ ബന്ധപ്പെടുകയാണെങ്കില്‍ ഇതുവഴി സോമനെ കുരുക്കിലാക്കാനാണ് പൊലീസ് ശ്രമം. സോമനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടും ഇതിനെതിരെ എതിര്‍പ്രസ്താവനകളൊന്നുമില്ലാത്തത് പോലിസ് ഭാഷ്യത്തെ ബലപ്പെടുത്തുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം