സ്ത്രീപുരുഷ സമത്വം; ഹൈദരലി തങ്ങളെ തിരുത്താന്‍ സമസ്തയുടെ നീക്കം

Sunday December 6th, 2015

Hyderali Shihab Thangal iumlകോഴിക്കോട്: സ്ത്രീപുരുഷ സമത്വ വിഷയത്തില്‍ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ലിംഗസമത്വം ഇസ്‌ലാമിക വിരുദ്ധമാണെന്ന് സമസ്ത മുശാവറക്ക് (പണ്ഡിത കൂടിയാലോചനാ സഭ) പ്രസ്താവന നടത്തേണ്ടിവന്നത് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളുടെ നിലപാടിനെ തിരുത്താനാണെന്ന് സൂചന. നവംബര്‍ 30ന് കൊച്ചിയില്‍ നടന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഹൈദരലി തങ്ങള്‍ നടത്തിയ പ്രഖ്യാപനമാണ് സമസ്തയെ കുടുക്കിലാക്കിയത്. സ്ത്രീശാക്തീകരണം അനിവാര്യമായ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും വനിതകളെ മുന്‍പന്തിയിലെത്തിക്കുകയെന്ന ദൗത്യമാണ് മുസ്‌ലിം ലീഗ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് തങ്ങള്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചത്. സാമൂഹിക ജീവിതത്തില്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും പ്രാഗല്ഭ്യമുള്ള വനിതകള്‍ നമുക്കുണ്ടെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വനിതാ ലീഗിന് ദേശീയ തലത്തില്‍ കമ്മിറ്റി രൂപംകൊള്ളുന്ന ഈ ദിനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Kanthapuramഇതേ ദിവസം തന്നെയാണ് സ്ത്രീപുരുഷ സമത്വം ഇസ്‌ലാമിക വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചത്. എസ്.എസ്.എഫ് കാമ്പസ് മീറ്റില്‍ മുഖ്യപ്രഭാഷണത്തില്‍ യുദ്ധം, സങ്കീര്‍ണ ശസ്ത്രക്രിയകളുള്‍പ്പെടെ മനക്കരുത്ത് കൂടുതല്‍ ആവശ്യമുള്ള മേഖലകളില്‍ സ്ത്രീക്ക് തിളങ്ങാനാവില്ലെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. അതെ സമയം, സ്ത്രീകള്‍ക്കു മാത്രമെ പ്രസവിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സ്ത്രീ പുരുഷ സമത്വമെന്നത് അബദ്ധജടിലമാണെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നവര്‍ അത് തെളിയിക്കണമെന്നും കാന്തപുരം വെല്ലുവിളിച്ചു.

അതെ സമയം, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറിയുമാണ് ഹൈദരലി തങ്ങള്‍. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ വനിതാ ലീഗിന്റെ വേദിയിലെ പ്രസ്താവന ഇ.കെ വിഭാഗത്തിനകത്ത് ചര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തു. പുരോഗമനാശയക്കാര്‍ക്ക് പിന്നാലെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും പോകുന്നുവെന്ന പ്രചാരണം ശക്തമാണെന്നും ഇത് കാന്തപുരം വിഭാഗത്തിന് കരുത്തുപകരുമെന്ന അഭിപ്രായവും ശക്തമായി. ഈ സാഹചര്യത്തിലാണ് പ്രത്യേക മുശാവറ ചേര്‍ന്ന് ഈ വിഷയത്തില്‍ ഉറച്ചനിലപാടെടുത്തത്. ലിംഗസമത്വം അനിസ്‌ലാമികമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.

കാന്തപുരത്തെ പ്രതിരോധത്തിലാക്കാന്‍ ഗൂഢനീക്കം: സമസ്ത
സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പ്രസംഗവും അഭിമുഖവും തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് കാന്തപുരത്തെയും മുസ്‌ലിം സമൂഹത്തെയും പ്രതിരോധത്തിലാക്കാനുള്ള ഗൂഢനീക്കങ്ങളില്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമ (എ.പി വിഭാഗം) പ്രതിഷേധിച്ചു. കുടുംബജീവിതത്തിലെ സ്ത്രീപുരുഷ ബാധ്യതകളെക്കുറിച്ച് ഇസ്‌ലാമിെന്റ സമീപനം പറയുന്നതിനിടയില്‍ മാതൃത്വത്തിന് ഇസ്‌ലാം നല്‍കുന്ന മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കുകയും പ്രസവവും സന്താനപരിപാലനവും ലോകത്ത് മനുഷ്യകര്‍മങ്ങളില്‍ ഏറ്റവും നന്മനിറഞ്ഞതാണെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രസവിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത കാന്തപുരത്തിെന്റ വാക്കുകളെ സ്ത്രീക്ക് പ്രസവിക്കാനേ കഴിയൂ എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് ചില മാധ്യമങ്ങളും നിക്ഷിപ്തകേന്ദ്രങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. ഇതര മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ഒരുവാക്കുപോലും കാന്തപുരത്തിെന്റ പരാമര്‍ശങ്ങളില്‍ ഇല്ലെന്നിരിക്കെ ഇത്തരം പ്രചാരണങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ ചിലതിലടക്കം പ്രചരിച്ചുവരുന്നതില്‍ ദുരൂഹതയുണ്ട്. കാര്യമറിയാതെ പ്രസ്താവനകളിറക്കുന്നവര്‍ ആ പ്രസംഗം പൂര്‍ണമായും കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമെന്ന് മുശാവറ അഭിപ്രായപ്പെട്ടു.

ലിംഗവ്യത്യാസം പ്രകൃതിദത്തം; ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ
ലിംഗസമത്വമെന്ന പേരിലെ വിവാദങ്ങള്‍ പ്രകൃതിയാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഇത്തരം വിവാദങ്ങളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ വര്‍ക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീത്വം പാവനമാണെന്ന് പ്രഖ്യാപിച്ച ഇസ്‌ലാമിന്റെ നിയമവ്യവസ്ഥഥകള്‍ക്ക് വിധേയമായി ജീവിക്കാന്‍ വനിതകള്‍ തയാറാവണം. മുസ്‌ലിം വിരോധത്തിന്റെ വിഷമാണ് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ചീറ്റുന്നത്. മാന്‍ഹോളില്‍ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ജീവാര്‍പ്പണം ചെയ്ത നൗഷാദിനെപ്പോലും വര്‍ഗീയവത്കരിച്ച വെള്ളാപ്പള്ളിയുടെ പരാമര്‍ശം മനുഷ്യസമൂഹത്തിന് അപമാനമാണ്. ഇന്ത്യന്‍ മതേതരത്വത്തിെന്റ അടയാളമായിരുന്ന ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം