സരിതയില്‍ കുരുങ്ങി ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ.മോഹം പൊലിയുന്നു

By സുരേഷ്കുമാര്‍|Saturday December 5th, 2015
2

Saritha Aryadan shoukathമലപ്പുറം: സോളാര്‍ വിവാദനായിക സരിതാനായരുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ.മോഹം പൊലിയുന്നു. സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ആര്യാടന്‍ കുടുംബത്തെ ഊരാക്കുടുക്കിലാക്കിയിരിക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകക്കേസും ഇതോടെ പുതിയ തലത്തിലേക്കെത്തിക്കഴിഞ്ഞു. രാധകൊലക്കേസിലെ പ്രതികള്‍ക്കായി ആര്യാടന്‍ കുടുംബം ചെയ്തുകൊടുത്ത സംരക്ഷണം പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.
സരിത എസ്. നായര്‍ തന്റെ ബിസിനസ്സിനായി നിലമ്പൂരില്‍ നിരവധി തവണ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും മന്ത്രി എ.പി.അനില്‍കുമാറുമായിരുന്നു സരിതയുടെ അഭ്യുദയാകാംക്ഷികള്‍. തിരുവനന്തപുരത്തു വച്ച് ഈ രണ്ടുമന്ത്രിമാരുമായുള്ള സരിതയുടെ ബന്ധമാണ് സരിതയെ നിലമ്പൂരിലെത്തിക്കുന്നത്. ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ സരിതയും ആര്യാടനും തമ്മിലുള്ള ബന്ധം ഒന്നു കൂടി ബലപ്പെട്ടിരിക്കുകയാണ്. രാധാവധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുപേരെ ബലിക്കോഴികളാക്കി ഒതുക്കിയെന്ന ആക്ഷേപവും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. കേവലം പകയില്‍ മാത്രമൊതുക്കി കേസ് ഒതുക്കി തീര്‍ക്കാനുള്ള അന്നത്തെ സി.ഐ. പി.പി.ചന്ദ്രന്റെ നീക്കം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ചന്ദ്രനു സ്ഥലംമാറ്റവും ലഭിച്ചു.
സരിത എസ്. നായര്‍ നിലമ്പൂരില്‍ എത്തി ദിവസങ്ങളോളം ക്യാമ്പ് ചെയ്തതിനു സാക്ഷിയായിരുന്നു രാധ. അക്കാലത്ത് ലക്ഷ്മിനായര്‍ എന്ന പേരിലായിരുന്നു രാധയടക്കമുള്ളവരെ സരിത പരിചയപ്പെട്ടിരുന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ ഒപ്പമായിരുന്നു സരിതയുടെ നിലമ്പൂര്‍ ഓപ്പറേഷന്‍ എന്നത് നാട്ടുകാര്‍ക്ക് അന്നെ സംശയമുണ്ടായിരുന്നു. സരിത അറസ്റ്റിലാകുന്നതോടെയാണ് രാധക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ലക്ഷ്മി നായര്‍ എന്നുപറയുന്ന സരിതയുടെ പടം ടി.വി.ചാനലുകളിലും പത്രങ്ങളിലും കണ്ട രാധ, ഇക്കാര്യം പലതവണയായി ഓഫീസ് സെക്രട്ടറി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബിജു നായരോട് പറയുകയും ചെയ്തിരുന്നു. അപകടം മണത്ത ബിജു നായര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. തുടര്‍ന്നായിരുന്നു രാധയെ കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണം ആര്യാടന്റെ സ്വാധീനത്തില്‍ തട്ടിതെറിച്ചു പോകുകയായിരുന്നു. രാധ ബ്ലാക്‌മെയിലിങ്ങിന് ശ്രമിക്കുമോയെന്ന ഭയവും രാധയുടെ കൊലപാതകത്തിനു പിന്നിലുണ്ടെന്നാണറിയുന്നത്. ആര്യാടന്‍ ഷൗക്കത്ത് സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നിലമ്പൂരില്‍ ആര്യാടന്‍ കുടുംബത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം