തിരുവനന്തപുരം: എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു. ‘ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. അമ്പതുപേര്‍ ചേര്‍ന്നാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയുടെ സമാപന സംഗമത്തില്‍ ശനിയാഴ്ച തിരുവനന്തപുരത്ത് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണറിയുന്നത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഘടകക്ഷിയാകാനുള്ള നീക്കം തുടങ്ങിയതായും സൂചനയുണ്ട്. കോണ്‍ഗ്രസിലെ പ്രധാന ഗ്രൂപ്പിലെ പ്രമുഖനും മുന്‍ ദേവസ്വം ബോര്‍ഡ് മെംബറുമായ നേതാവുമായി വെള്ളാപ്പള്ളി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നുവത്രെ.
ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നുണ്ടാക്കിയ സമത്വ മുന്നണിക്ക് ത്രിതല തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനാലാണ് യു.ഡി.എഫ് ബാന്ധവത്തെക്കുറിച്ചാലോചിക്കാന് വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതത്രെ. നേരത്തെ എസ്.എന്‍.ഡി.പിയുടെ നേത്വത്തിലുണ്ടായിരുന്ന എസ്.ആര്.പി ദീര്‍ഘകാലം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെന്നതും അനുകൂലമായാണ് വെള്ളാപ്പള്ളി കാണുന്നത്. അതെ സമയം, ജാഥയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന ബി.ജെ.പി പ്രാതിനിധ്യം മലബാര്‍ പിന്നിട്ടതോടെ നാമമാത്രമായതും മധ്യകേരളം കഴിഞ്ഞതോടെ ഇല്ലാതായതും കോണ്‍ഗ്രസ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സമത്വ മുന്നേറ്റ യാത്രക്കിടെ കോഴിക്കോടുണ്ടായ മാന്‍ഹോള്‍ ദുരന്തവും ഇതിന്റെ ചുവടുപിടിച്ച് വെള്ളാപ്പള്ളി നടത്തിയ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവനകളോട് കോണ്‍ഗ്രസില്‍ വി എം സുധീരന് ഒഴികെയുള്ള നേതാക്കള്‍ സ്വീകരിച്ച മൃദു സമീപനവും പുതുബന്ധത്തിന്റെ വെളിച്ചത്തിലാണെന്നാണ് സൂചന. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ പ്രമുഖ ബിജെപി നേതാക്കളാകും മത്സരിക്കുക. സ്വാഭാവികമായും സമത്വ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമസഭ കാണാന്‍ കഴിയല്ലെന്നും വെള്ളാപ്പള്ളി കണക്കുകൂട്ടുന്നു. ഇതാണ് വെള്ളാപ്പള്ളിയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.