സര്‍ക്കാര്‍ സേവനത്തിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് പ്രചരിപ്പിക്കണം: സുപ്രീം കോടതി

Wednesday August 12th, 2015

supreme-courtന്യൂഡല്‍ഹി: ഒരു സര്‍ക്കാര്‍ സേവനത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ആധാര്‍ കാര്‍ഡ് ഉടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ ക്രിമിനല്‍ കേസ് അന്വേഷണങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അതിനു കോടതിയുടെ അനുമതി തേടണമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ‘പൗരന്റെ സ്വകാര്യത മൗലികാവകാശമാണോ’ എന്ന വിഷയം സുപ്രീംകോടതി വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടു. ആധാര്‍ കാര്‍ഡ് രേഖയെന്ന നിലയില്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുവിതരണ സമ്പദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖയായി സര്‍ക്കാറിനുപയോഗിക്കാം. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാനാവില്ല. മുകളില്‍ പറഞ്ഞ പദ്ധതികള്‍ക്കല്ലാതെ മറ്റൊരു ക്ഷേമപദ്ധതിക്കും ആധാര്‍ രേഖയായി ഉപയോഗിക്കാനും പാടില്ല. സര്‍ക്കാറിന്റെ ഒരാനുകൂല്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പത്ര, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണം നടത്താനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
Passport with Adhaarആധാര്‍ എടുത്താലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്ന ഉപാധി വെക്കാന്‍ ഇതോടെ സര്‍ക്കാറിന് അധികാരമില്ലാതായിരിക്കുകയാണ്. ആധാര്‍ മറ്റൊരു കാര്യത്തിനും ഉപയോഗിച്ചു കൂടെന്നും സുപ്രീംകോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ആധാര്‍ കാര്‍ഡുടമകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരുമായും പങ്കുവെക്കാനും പാടില്ല. പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതിനു മുമ്പ് പുറപ്പെടുവിച്ച വിധികളില്‍ വൈരുധ്യങ്ങളുണ്ടായതു കൊണ്ടാണ് ഇതു സംബന്ധിച്ച തീര്‍പ്പ് ഭരണഘടനാ ബെഞ്ചിന് വിടുന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ആധാര്‍ കാര്‍ഡിനായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്നും പുതിയ ബെഞ്ച് തീരുമാനിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടനയിലെവിടെയും പറയുന്നില്ലെന്ന് വാദിച്ച് ആധാര്‍ കേസ് വലിയ ബെഞ്ചിന് വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം. സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഒരു മനുഷ്യന്‍ അവന്റെ വീട്ടില്‍പോലും സുരക്ഷിതനല്ലെങ്കില്‍ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ പിന്നെന്താണ് ബാക്കിയുള്ളതെന്നും കോടതി ചോദിച്ചിരുന്നു. സ്വകാര്യത അവകാശമല്ലെന്ന വാദം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
Aadhaar fotoകോടതിയുടെ ഈ വിമര്‍ശത്തിന് പിറകെയാണ് ആധാര്‍ കേസ് വിപുല ബെഞ്ചിലേക്ക് മാറ്റണമെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയത്. ജനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാക്കുന്നതും സംശയിക്കുന്ന ഒരാളുടെ വീടിന് പൊലീസ് കാവല്‍ നില്‍ക്കുന്നതും ഭരണഘടനയുടെ 21ാം അനുഛേദത്തിലെ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തില്‍ പെടുത്താന്‍ കഴിയില്ലെന്ന് റോത്തഗി വാദിച്ചു. 21ാം അനുഛേദത്തില്‍ സ്വകാര്യത അനുവദിച്ചിട്ടില്ല. മുമ്പൊരിക്കല്‍ എട്ടംഗ ബെഞ്ചും പിന്നീട് അഞ്ചംഗ ബെഞ്ചും സ്വകാര്യത മൗലികാവകാശമല്ലെന്ന് വിധിച്ചിട്ടുണ്ടെന്നും റോത്തഗി ബോധിപ്പിച്ചു. അതിന് ശേഷം എഴുപതുകളിലാണ് അതിലും ചെറിയ ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശമാണെന്ന വിധികള്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം