കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ 87 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെയും മാതാവിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയും വനിതകളുടെ നിരാഹാര സമരം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പത്ത് വനിതകളാണ് ഇന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നിരാഹാരസമരം നടത്തുന്നത്.
കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എം.പിയുമായ രമ്യ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, മറുവാക്ക് എഡിറ്റർ അംബിക, ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ്ലിയ, വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, അഭിനേത്രിയും ആക്ടിവിസ്റ്റുായ ജോളി ചിറയത്ത്, മാധ്യമ പ്രവർത്തക പ്രമീള ഗോവിന്ദ്, ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര, സിനിമാ പ്രവര്‍ത്തക ലാലി.പി.എം എന്നിവരാണ് നിരാഹാരം സമരം നടത്തുന്നത്.
ആദിവാസി സമര നായിക സി.കെ ജാനു, പെമ്പിളൈ ഒരുമൈ സമര നായിക ഗോമതി ഇടുക്കി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് ആക്ടിവിസ്റ്റുമാരായ ബിന്ദു അമ്മിണി, അഡ്വ കുക്കു ദേവകി, ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങിയവര്‍ അവരുടെ താമസയിടങ്ങളില്‍ നിന്നും നിരാഹാരമനുഷ്ടിച്ച് പ്രതിഷേധിക്കും.
പ്രതി പത്മരാജന് പെണ്‍കുട്ടിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വരെ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. ജൂണ്‍ 24നാണ് പ്രത്യേക റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.