ബലാല്‍സംഗം ചെയ്തയാളോട് രമ്യതയിലെത്താന്‍ യുവതിക്ക് കോടതി നിര്‍ദേശം

Wednesday June 24th, 2015

Justce Flame courtചെന്നൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായി, ഒരു കുഞ്ഞിന്റെ അമ്മയാകേണ്ടിവന്ന യുവതിയോട് കേസ് പിന്‍വലിച്ച് തന്നെ പീഡനത്തിനിരയാക്കിയ വ്യക്തിയുമായുള്ള ഭിന്നിപ്പൊഴിവാക്കാന്‍ കോടതിയുടെ നിര്‍ദേശം. മദ്രാസ് ഹൈക്കോടതിയാണ് തീര്‍ത്തും സ്ത്രീവിരുദ്ധവും സ്ത്രീസംരക്ഷണത്തിനെതിരുമായ തരത്തില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കണമെന്നും കോടതി പറഞ്ഞു. ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കുക മാത്രമല്ല, കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു കോടതി.

കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഒരു അനാഥയാണ്, വളര്‍ത്തമ്മയുടെ കൂടെയാണ് പെണ്‍കുട്ടി ജീവിച്ചിരുന്നത്. ബലാത്സംഗത്തിനിരയായി 2009 ല്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2012 ലാണ് കേസിലെ പ്രതിയായ മോഹന്‍ എന്ന വ്യക്തിക്ക് 7വര്‍ഷം തടവും രണ്ടുലക്ഷം പിഴയും കുടലൂരിലെ വനിതാ കോടതി ശിക്ഷ വിധിക്കുന്നത്. ഇതിനെതിരെ മോഹന്‍ കൊടുത്ത ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിചിത്രമായ ഈ വിധി. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ പി. ദേവദാസ് ആണ് കേസ് പരിഗണിച്ചത്. കേസില്‍ യുവതിയും കുഞ്ഞും ഒരുപോലെ ഇരയാക്കപ്പെട്ടെന്നും അതൊരു വല്ലാത്ത ദുരന്തമാണെന്നും കോടതി നിരീക്ഷിച്ചു, പക്ഷേ തുടര്‍ന്നാണ് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനും പ്രതിക്ക് ജാമ്യം അനുവദിച്ചും കോടതി ഉത്തരവിട്ടത്. ഹരജിക്കാരന് ജാമ്യം അനുവദിക്കാതെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചാല്‍ ഫലം ചെയ്യില്ലെന്ന് പറഞ്ഞാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. യുവതിയുടെ പേരില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും കോടതി പ്രതിക്ക് നിര്‍ദേശം നല്‍കി.

താന്‍ ഈ വര്‍ഷമാദ്യവും ഇത്തരമൊരു കേസ് പരിഗണിച്ചിട്ടുണ്ടെന്നും അതും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ആ കേസ് ഇപ്പോള്‍ സന്തോഷപൂര്‍വമായി അവസാനിക്കാന്‍ പോകുകയാണെന്നും വിധി പ്രസ്താവത്തിനിടെ ജഡ്ജ് ചൂണ്ടിക്കാട്ടി. രണ്ടു കക്ഷികളും തമ്മില്‍ രമ്യതയിലാവാന്‍ സാധ്യതയുള്ള കേസിലൊന്നാണ് ഇതും എന്നും ജഡ്ജ് പറഞ്ഞു. കൊലപാതക കേസുകളില്‍ പോലും കക്ഷികള്‍ തമ്മില്‍ രമ്യതയിലാകുന്നു. പിന്നെന്തുകൊണ്ട് ബലാത്സംഗ കേസുകളിലായിക്കൂടായെന്നാണ് ജഡ്ജ് ചോദിക്കുന്നത്. ഇസ്‌ലാം മതമായാലും ഹിന്ദുമതമായാലും ക്രിസ്ത്യന്‍ മതമായാലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധം മാത്രമല്ല, സന്ധികളും പ്രയോഗിക്കാറുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം