താലി കെട്ടിയ വരന്‍ പോലിസിനെ കണ്ട് രക്ഷപ്പെട്ടു; യുവതിക്ക് നാട്ടുകാരനായ യുവാവ് മിന്നുകെട്ടി

Friday June 12th, 2015

Muslim weddingവിഴിഞ്ഞം: വധുവിനു താലികെട്ടിയ വരന്‍ പൊലീസ് ജീപ്പ് കണ്ടു പെട്ടെന്നു കല്യാണമണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി. പിന്നീടു നാട്ടുകാരനായ മറ്റൊരു യുവാവിനെ വരനായി കണ്ടെത്തി യുവതിയുടെ വിവാഹം നടത്തി. ആദ്യഭാര്യയുടെ പരാതിയനുസരിച്ചായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കിടാരക്കുഴിയിലായിരുന്നു സിനിമാകഥ പോലെ സംഭവങ്ങള്‍ അരങ്ങേറിയത്.

നെട്ടത്താന്നി സ്വദേശി യുവതിയും നെല്ലിമൂട് സ്വദേശിയായ യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. 10നു ശേഷമായിരുന്നു മുഹൂര്‍ത്തമെങ്കിലും വിരലിലെണ്ണാവുന്ന ആളുകളുമായി എത്തിയ വരന്‍ ബന്ധുവിന്റെ മരണകാരണം പറഞ്ഞു താലികെട്ട് വേഗത്തിലാക്കി. നാട്ടുകാരുള്‍പ്പെടെ ക്ഷണിതാക്കളെത്തിയപ്പോള്‍ വരനും സംഘവും സദ്യയുണ്ണുന്നതാണു കണ്ടത്. ഇതിനിടെ വിഴിഞ്ഞം പൊലീസ് ജീപ്പ് വരുന്നതു കണ്ടു വരനും കൂടെയുള്ളവരും മണ്ഡപത്തിനു പിന്നിലൂടെ വേഗത്തില്‍ അപ്രത്യക്ഷരായതായി നാട്ടുകാര്‍ പറഞ്ഞു. യുവാവ് രണ്ടാമതും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന ആദ്യഭാര്യയുടെ പരാതിയനുസരിച്ച് അവരുമായിട്ടായിരുന്നു പൊലീസിന്റെ വരവ്. ഇതു മനസിലാക്കിയാണു വരന്‍ ഇറങ്ങിയോടിയതെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വേഗത്തില്‍ യുവതിയുടെ വീടിനു സമീപത്തെ മറ്റൊരു യുവാവിനെ വരനായി നിര്‍ദേശിച്ചു.

ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ വിവരം അറിയിക്കുമ്പോള്‍ ഇതൊന്നുമറിയാതെ യുവാവ് പെയിന്റിങ് ജോലിയിലായിരുന്നു. വളരെപ്പെട്ടെന്ന് അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു മണ്ഡപത്തിലെത്തിച്ചു വിവാഹം നടത്തുകയായിരുന്നു. ഇറങ്ങിയോടിയ യുവാവിന്റെ പേരില്‍ ആദ്യഭാര്യ നെയ്യാറ്റിന്‍കര സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇരുവരെയും വിളിച്ചു വരുത്തിയിരുന്നു. ഭാര്യയെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇയാള്‍ രണ്ടാം കെട്ടിനിറങ്ങിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം