സംസ്ഥാനത്ത് കോവിഡ് വ്യാപന സൂചനയെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍. 87 പേര്‍. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത

Saturday July 11th, 2020

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍. 87 പേര്‍. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങള്‍ക്കും രോഗമുണ്ടായി. താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവിടെ എല്ലാവര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗബാധ. 46 പേര്‍ സമ്പര്‍ക്ക രോഗികള്‍. പുറമെ, എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളും ഉണ്ട്. ജില്ലയില്‍ നിരീക്ഷണം ശക്തമായി തുടരുന്നു. ഒന്പത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വര്‍ധിപ്പിക്കാന്‍ നോട്ടീസ് വിതരണം, മൈക്ക് അനൌണ്‍സുമെന്റ് തുടങ്ങിയവ നടത്തുന്നു. ഇവിടെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു. ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും രുതല്‍ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റര്‍ ഉടന്‍ അവിടെ സജ്ജമാക്കും. മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറി സജ്ജീകരിച്ചു.

മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വര്‍ഡുകളില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാര്‍ഡിലുമായി 8110 കാര്‍ഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാന്‍ അധിക സംവിധാനം ഒരുക്കിയെന്നും അദ്ദേഹം അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ആന്റിജൻ ടെസ്റ്റിലൂടെ ജൂലൈ പത്തിന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരാണ്.

മലപ്പുറത്ത് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27ഉം സമ്പർക്കം മൂലമാണ്. മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവയിലൊന്നും തന്നെ വൈറസ് ഉറവിടം വ്യക്തമല്ല. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി. 89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനുമല്ലാതെ ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കുകയും വേണം.

പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ജില്ലാശുപത്രി കൊവിഡ് ആശുപത്രിയാണ്. പുറമെ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജും പാങ്ങോട് മെഡിക്കൽ കോളേജും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നു. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സജ്ജീകരിച്ചു. കഞ്ചിക്കോട് കിൻഫ്രയിൽ ആയിരം കിടക്കയുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. പുതൂർ, അഗളി, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

എറണാകുളത്ത് 47 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 45 കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് രോഗം ബാധിച്ചതിനാൽ ചെല്ലാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവർക്ക് 123 പ്രൈമറി കോണ്ടാക്ടും 243 സെക്കന്ററി കോണ്ടാക്ടും കണ്ടെത്തി. പ്രൈമറി കോണ്ടാക്ട് ടെസ്റ്റ് നടത്തി 13 പോസിറ്റീവ് കേസുകൾ ഇതുവരെ കണ്ടെത്തി. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

തൃശ്ശൂരിൽ 29 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാട്ടികയിൽ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയർ ട്രീറ്റ്മെന്റ് സെന്ററാക്കും. ഇവിടെ ആയിരം കിടക്കകൾ തയ്യാറാക്കും. മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കി. തൃശൂർ പോലിസ് ഓപറേഷൻ ഷീൽഡ് നടപ്പാക്കുന്നു. മെഡിക്കൽ കോളജിൽ രണ്ട് നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ച് പ്ലാസ്മ ചികിത്സ ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം