എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തില്‍ അടിമുടി മാറ്റം; വിജയം 98.57 ശതമാനമായി ഉയര്‍ന്നു

Monday April 27th, 2015

SSLC examതിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ എസ്.എസ്.എല്‍.സി. ഫലം പുനപ്രസിദ്ധീകരിച്ചു. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ തിരുത്തിയപ്പോള്‍ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു വിജയം. 0.58 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 3143 പേര്‍ക്ക് കൂടി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന വിജയശതമാനം. കഴിഞ്ഞ വര്‍ഷം 95.47 ശതമാനമായിരുന്നു വിജയം. ഗ്രേസ്മാര്‍ക്കുകള്‍ ചേര്‍ക്കുന്നതിലുണ്ടായ പിഴവുകള്‍ പരിഹരിച്ചാണ് ഇപ്പോള്‍ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ 4,68,243 വിദ്യാര്‍ഥികളില്‍ 4,61,542 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. നേരത്തേ പ്രഖ്യാപിച്ചതില്‍നിന്ന് 2,700 പേര്‍ അധികമായി ഉപരിപഠനത്തിന് യോഗ്യത നേടി. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ കണക്കുകളില്‍ മാറ്റമില്ല. 41.91 ശതമാനമാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്.

ജില്ലകളുടെ വിജയശതമാനത്തിലും വ്യത്യാസം വന്നിട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍- 99.38 ശതമാനം. കഴിഞ്ഞതവണ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരായിരുന്നു ഒന്നാമത്. പാലക്കാടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം- 97.16. വിദ്യാഭ്യാസജില്ലാ വിഭാഗത്തില്‍ വിജയശതമാനം കൂടുതല്‍ മൂവാറ്റുപുഴ(99.81 ശതമാനം)യും കുറവ് പാലക്കാടു(96.8 ശതമാനം)മാണ്. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പുതിയതായി 3,143 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതോടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 15,430 ആയി. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 1501ല്‍ നിന്ന് 1670 ആയി ഉയര്‍ന്നു. മറ്റു ജില്ലകളിലെ പുതിയ വിജയശതമാനം: തിരുവനന്തപുരം- 97.51, കൊല്ലം- 98.17, പത്തനംതിട്ട- 99.36, ആലപ്പുഴ- 99.07, ഇടുക്കി- 98.77, എറണാകുളം- 99.06, തൃശൂര്‍- 99,  മലപ്പുറം- 98.3, വയനാട്- 98.11, കണ്ണൂര്‍- 99.32, കാസര്‍കോട്- 98.43.

പുതുക്കിയ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പി.ആര്‍.ഡി, എന്‍.ഐ.സി, ഐ.ടി @ സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. അതേസമയം, ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷാഭവന്റെ വെബ്‌സൈറ്റ് ലഭ്യമാവാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ വലഞ്ഞു. പുനപ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് വെബ്‌സൈറ്റില്‍ ഫലം ലഭ്യമായത്. ഗ്രേസ്മാര്‍ക്ക് ചേര്‍ത്തപ്പോഴുണ്ടായ സാങ്കേതിക തകരാറാണ് നേരത്തേയുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അടിസ്ഥാന വിവരങ്ങളില്‍ യാതൊരു തെറ്റും കണ്ടെത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്ന് സെര്‍വറില്‍ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകളില്‍ ചുരുക്കം ചിലതിലേ പിഴവുകളുണ്ടായിട്ടുള്ളൂ.

ഫലപ്രഖ്യാപനത്തില്‍ തെറ്റുവരാന്‍ കാരണം എന്‍.ഐ.സി. വികസിപ്പിച്ച സോഫ്റ്റ്‌വെയറിലെ പ്രശ്‌നമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രേസ്മാര്‍ക്ക് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ആയിരക്കണക്കിന് മാര്‍ക്ക്‌ലിസ്റ്റുകളിലേക്ക് പിഴവ് വ്യാപിച്ചത്. ഫലം പുനപ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ പിഴവുവരുത്തിയവര്‍ക്കെതിരേ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കും. തെറ്റുകള്‍ തിരുത്തിയുള്ള പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സൂക്ഷ്മപരിശോധന പൂര്‍ത്തിയാവാത്തതിനാലാണ് ഫലപ്രഖ്യാപനം ഞായറാഴ്ചത്തേക്കു മാറ്റിയത്. വിട്ടുപോയ മാര്‍ക്ക് അപ്‌ലോഡ് ചെയ്ത് ഗ്രേസ്മാര്‍ക്ക് ചേര്‍ത്ത് ഗ്രേഡ് മാറ്റുന്ന ജോലിയും പൂര്‍ത്തീകരിച്ചെങ്കിലും ഒരുവട്ടംകൂടി സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് ഫലം പുനപ്രസിദ്ധീകരിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം