എസ്.എസ്.എല്‍.സി പരീക്ഷാഫലവും മുസ്ലിംലീഗും

By പ്രത്യേക ലേഖകന്‍|Saturday April 25th, 2015

SSLC result 2015declകേരള വിദ്യഭ്യാസ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ അപാകതകള്‍ സംഭവിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ചുരുങ്ങിയത് ഒരുമാസമെങ്കിലും സമയമെടുത്ത് പ്രസിദ്ധപ്പെടുത്തിയിരുന്ന പരീക്ഷാഫലം 18ദിവസത്തിനകം പ്രസിദ്ധപ്പെടുത്താനുള്ള നീക്കങ്ങളാണ് പാളിച്ചക്കു കാരണമെന്നാണ് പറയപ്പെടുന്നത്. സോഫ്റ്റ്‌വെയറിലെ തകരാറും ബാഹ്യ ഇടപെടലുകളുമാണ് താളപ്പിഴക്കു കാരണമെന്നാണ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഇതെക്കുറിച്ച് ന്യായീകരിച്ചത്. എന്നാല്‍ സോഫ്റ്റ്‌വെയറിന് തകരാറൊന്നുമില്ലെന്നായിരുന്നു ഡി.പി.ഐയുടെ വിശദീകരണം. മാര്‍ക്കുകള്‍ എന്റര്‍ ചെയ്‌തേടത്താണ് അപാകത സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു.
സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും എത്തുംപിടിയും കിട്ടാത്ത അവസ്ഥയാണിപ്പോള്‍. ഇവിടെയാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. ഐക്യകേരളം രൂപപ്പെട്ട ശേഷം കാല്‍നൂറ്റാണ്ട് കാലത്തോളം വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ കേരളഘടകം. സി എച്ച് മുഹമ്മദ് കോയ മുതല്‍ പി കെ അബ്ദുറബ്ബ് വരെയുള്ള വിദ്യഭ്യാസ മന്ത്രിമാരുടെ കാര്യമെടുത്താല്‍ എല്ലാവരും ഒന്നിനൊന്നു മികച്ചവരെന്ന് പറയാതിരിക്കാനും പറ്റില്ല. യു.ഡി.എഫ് ഭരിക്കുമ്പോള്‍ വിദ്യഭ്യാസം മുസ്ലിംലീഗിന് തന്നെ പതിച്ചു നല്‍കുകയാണ് പതിവും. ഇക്കാരണത്താല്‍ തന്നെ കാല്‍നൂറ്റാണ്ട് കാലത്തോളം വിദ്യഭ്യാസ വകുപ്പ് ലീഗിന്റെ കാല്‍ചുവട്ടിലുമായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ലീഗ് മന്ത്രിമാര്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴൊന്നും ഇല്ലാത്ത തരത്തിലുള്ള താളപ്പിഴകളാണ് ഇപ്പോള്‍ കണ്ടു വരുന്നത്. മന്ത്രിമാര്‍ക്ക് യോഗ്യതയില്ലാത്തതു കൊണ്ടോ ഭരിക്കാന്‍ അറിയാത്തതു കൊണ്ടോ ആണ് ഇതൊക്കെ സംഭവിക്കുന്നതെന്നാണ് ധാരണയെങ്കില്‍ അത് തെറ്റാണ്. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മുസ്ലിംലീഗ് പാര്‍ട്ടി ഗൗരവത്തില്‍ ആലോചിക്കേണ്ട സമയമാണിത്. ഇത്തരത്തില്‍ അപാകതകള്‍ സംഭവിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍ മുസ്ലിംലീഗിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയും അടിത്തറയില്ലായ്മയുമാണെന്ന് മനസ്സിലാകുമ്പോഴാണ് ലീഗ് രാഷ്ട്രീയം എത്തിപ്പെട്ടിരിക്കുന്ന അതീവ ഗുരുതരമായ അപകടം മനസ്സിലാകുക.

വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ ജീവനക്കാരിലുള്ള സ്വാധീനക്കുറവു മൂലമാണ് വിപ്ലവകരമായ മാറ്റം മുന്നില്‍ കണ്ട വിദ്യഭ്യാസ മന്ത്രിക്ക് പാരയായിരിക്കുന്നതെന്നാണ് ലീഗ് പഠിക്കേണ്ട ആദ്യ പാഠം. വെറും അഞ്ച് വര്‍ഷക്കാലം പാറി നടക്കാന്‍ പറ്റുന്ന മന്ത്രിക്കസേരയും എം.എല്‍.എ കുപ്പായവും കിട്ടിയാല്‍ എല്ലാമായി എന്നു ചിന്തിച്ച് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തെ മര്‍ദ്ദിക്കുന്ന യൂത്ത്‌ലീഗുകാര്‍ക്കുള്ള കനത്ത താക്കീതുമാണിത്. ഭരണം നടത്തുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ലീഗിന് സാധിക്കേണ്ടിയിരുന്നു. വെറും ഒപ്പുവക്കല്‍ മാത്രം ചെയ്യുന്ന മന്ത്രിമാരെക്കാളും ലീഗിനു വേണ്ടിയിരുന്നത് അനുസരണയുള്ള ജീവനക്കാരെയായിരുന്നു. ലീഗിന് ഒരുപാട് വിദ്യഭ്യാസ സ്ഥാപനങ്ങളും അധ്യാപകരുമുണ്ട്. കോഴ വാങ്ങിയും അല്ലാതെയും കുട്ടികളെയും അധ്യാപകരെയും തിരുകി കയറ്റി അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കിയാല്‍ പാര്‍ട്ടിയും സമുദായവും രക്ഷപ്പെടുമെന്ന ലീഗിന്റെ ധാരണ തിരുത്താനുള്ള സമയം കൂടിയാണീ പരീക്ഷക്കാലം.
ലീഗിന്റെ പോഷക സംഘടനകളില്‍ അധ്യാപക സംഘടനകള്‍ (കെ.എസ്.ടി.യു, കെ.എച്ച്.എസ്.ടി.യു)മാത്രമാണ് ജീവനക്കാരുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും സ്വാധീനമുള്ള സംഘടന. അതാകട്ടെ വിദ്യഭ്യാസ വകുപ്പ് കയ്യിലുള്ളതു കൊണ്ട് സ്ഥലംമാറ്റവും മറ്റും ശരിപ്പെടുത്താന്‍ പറ്റിയ സംഘടന എന്നതുകൊണ്ട് കുറച്ചാളുകള്‍ കൊടിപിടിക്കുന്നതൊഴിച്ചാല്‍ മറ്റുള്ളവക്കൊപ്പം ഇവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കില്ല. മറ്റു വിഭാഗങ്ങളിലെ ജീവനക്കാരില്‍ സ്വാധീനമുള്ള സംഘടനകളൊന്നും ലീഗിനില്ല. കോഓപറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടന പേരിനു മാത്രമേ ഉള്ളൂ. വേറെ ഒരു മേഖലയിലും ലീഗിന് സ്വാധീനമില്ല. (അതായത് സര്‍ക്കാര്‍ സര്‍വീസില്‍ ലീഗിനെ സ്‌നേഹിക്കുന്നവര്‍ ഇല്ല എന്നര്‍ത്ഥം).

സര്‍ക്കാര്‍ ജീവനക്കാരില്‍ അധികവും ഇടത് യൂനിയനുകളിലും കോണ്‍ഗ്രസ് അനുകൂല സംഘടനകളിലുമുള്ളവരാണ്. പിന്നെ ബി.ജെ.പി അനുകൂലികളും. ഇടത്-വലത് യൂനിയനുകളില്‍ പെട്ടവരും കേരളത്തിലെ ഭരണ സാഹചര്യത്തിനനുസരിച്ച് മുസ്ലിംവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. ഇതെ മനോഭാവമുള്ളവര്‍ തന്നെയാണ് വിദ്യഭ്യാസ വകുപ്പിലും കൂടുതലായുള്ളത്. മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അബ്ദുറബ്ബ് നടത്തിയ ശ്രമങ്ങള്‍ക്ക് പാര വച്ചിരുന്നത് മുഴുവന്‍ ഈ ഉദ്യോഗസ്ഥ ലോബിയായിരുന്നു. നാല് തവണയാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല രൂപീകരണത്തിന് വിലങ്ങിട്ടിരുന്നതത്രെ. ഒടുവില്‍ സംഗതി പിടികിട്ടിയ മന്ത്രി അന്ത്യശാസനം നല്‍കിയപ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഉദ്യോഗസ്ഥര്‍ വഴങ്ങിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ വകുപ്പില്‍ പുകയുന്നുണ്ടെന്നാണ് വിവരം.

വിദ്യഭ്യാസ വകുപ്പിനെ താറടിച്ചു കാണിക്കണമെന്ന ഉദ്യോഗസ്ഥരുടെ തീരുമാനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഇതോടെ വ്യക്തമാണ്. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു സംഘടനകളുടെ ആശീര്‍വാദത്തോടെയാണ് ഇതൊക്കെ നടക്കുന്നതെന്ന് ലീഗിലെ പ്രബല നേതാക്കള്‍ക്കും അറിയാം. എന്നാല്‍ അധികാരമോഹം കാരണം മൗനം പാലിക്കുകയാണ് ഇവരൊക്കെയെന്നു മനസ്സിലാകുമ്പോഴാണ് ലീഗ് കാണിക്കുന്ന സ്വാര്‍ഥത ബോധ്യപ്പെടുക. ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള ലീഗ് മന്ത്രിമാര്‍ ഇടക്ക് പരാതിപ്പെടാറുമുണ്ടത്രെ. ഉന്നത തലത്തിലെ ലീഗ്-സി.പി.എം നേതാക്കളുടെ കൂട്ടു കെട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഗുണം ചെയ്യുന്നതെന്നതും അങ്ങാടിപ്പാട്ടാണ്. വിദ്യഭ്യാസ വകുപ്പ് ജീവനക്കാര്‍ കാണിക്കുന്ന നെറികേട് ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ കഴിയാത്ത വിധം സുരക്ഷിതരാണ് ആ ജീവനക്കാര്‍ എന്നതാണ് ഇതിലെ മറിമായം. വരാനിരിക്കുന്ന പ്ലസ്ടു പരീക്ഷാഫലത്തിലും ചില ചരട് വലികള്‍ നടക്കുന്നതായാണ് സൂചന. വിദ്യഭ്യാസ വകുപ്പ് അറിയാതെയാണ് കളികള്‍ നടക്കുന്നതത്രെ. ഇനിയൊരിക്കലും ഒരു മാപ്പിളക്ക് വിദ്യഭ്യാസ വകുപ്പ് കൊടുക്കാതിരിക്കുന്ന തരത്തിലുള്ള തീരുമാനം (ഇടത് മുന്നണി മുമ്പെ പാലിച്ചു പോരുന്നത്) യു.ഡി.എഫ് മുന്നണിയിലുണ്ടാക്കുക എന്നതാണ് ഈ കളികളുടെയൊക്കെ ലക്ഷ്യമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം. ചോദ്യക്കടലാസില്‍ ലീഗിന്റെ കൊടിയടയാളം വന്നതു മുതലുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മാപ്പിള കൈകാര്യം ചെയ്യുന്ന വിദ്യഭ്യാസത്തോടുള്ള കലിപ്പ് മനസ്സിലാകുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം