എസ്.എസ്.എല്‍.സി ആശയക്കുഴപ്പം തീര്‍ന്നില്ല: പരിഷ്‌കരിച്ച ഫലം വൈകും

Saturday April 25th, 2015

SSLC result 2015declതിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം സംബന്ധിച്ച ആശയക്കുഴപ്പത്തിനു പരിഹാരമാകാത്തതിനെ തുടര്‍ന്ന് പരിഷ്‌കരിച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കാനായില്ല. മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്ന് മുഴുവന്‍ വിവരങ്ങളും ലഭിക്കാത്തതാണ് പരിഷ്‌കരിച്ച ഫലം പ്രസിദ്ധീകരിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് അടിയന്തരമായി മാര്‍ക്ക് ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പരീക്ഷാ ഭവന്‍ നടത്തിവരുന്നത്. എന്നാല്‍, ചില ക്യാംപുകളില്‍ നിന്ന് ഇനിയും വിശദാംശങ്ങള്‍ ലഭിക്കാനുണ്ട്.

അതിനിടെ, പിഴവുകളുള്ള ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഇതുവരെയും പരീക്ഷാ ഭവന്‍ നീക്കിയില്ല. ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥിയുടെ ഫലം ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഗവ. വി.എച്ച്.എസ്.എസിലെ കെ വി മുഹമ്മദ് സീഷന്റെ ഫലമാണ് വെബ്‌സൈറ്റിലുള്ളത്. പരീക്ഷയെഴുതാത്ത സീഷന് ഹിന്ദിക്ക് സി പ്ലസും ഫിസിക്‌സിന് ഡിയും ഐ.ടിക്ക് ഇ ഗ്രേഡും ലഭിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത നമ്പറിലുള്ള പി പ്രജീഷ്‌ലാലിന്റെ ഫിസിക്‌സിന്റെ ഗ്രേഡ് രേഖപ്പെടുത്താതെ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്.

ആകെ 3500 വിദ്യാര്‍ഥികളുടെ ഫലത്തിലാണ് തെറ്റുകള്‍ കടന്നുകൂടിയതായി പ്രാഥമികമായി കണ്ടെത്തിയത്. ഇതില്‍ 3000 പേരുടെ ഫലത്തിലെ അപാകതകള്‍ പരിഹരിച്ചതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. 500 പേരുടെ ഫലത്തിലെ പിഴവുകള്‍ കൂടി തിരുത്താനുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ മാത്രമേ പരിഷ്‌കരിച്ച ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ. വെള്ളിയാഴ്ച വൈകീട്ടോടെ പരാതികള്‍ പരിഹരിച്ച് ഫലം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് അടിയന്തരമായി മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, നിശ്ചിത സമയത്തു വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടു. പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായാല്‍ ശനിയാഴ്ച അപാകതകള്‍ പരിഹരിച്ച ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പരീക്ഷാ ഭവന്‍ സെക്രട്ടറി വ്യക്തമാക്കി. പുതുക്കിയ ഫലം ശനിയാഴ്ച പുറത്തുവിടുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചു.

54 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ഒരു തവണ കൂടി പരീക്ഷാ ഭവന്‍ ഒത്തുനോക്കിയ ശേഷമായിരിക്കും അന്തിമ അംഗീകാരം നല്‍കുക. ഇനിയും പിഴവുകള്‍ കടന്നു കൂടാതിരിക്കാനാണിത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ലഭിച്ച ഫലം ഒത്തുനോക്കുന്ന തിരക്കിലായിരുന്നു പരീക്ഷാ ഭവന്‍. മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നു ലഭിച്ച രേഖകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയവയുമായി വലിയ വ്യത്യാസമാണുള്ളത്. പല മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നു കൈമാറിയ മാര്‍ക്കിലും ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ചു ശരിയെന്ന് ഉറപ്പാക്കിയ ശേഷം കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്ന ജോലിയാണ് പുരോഗമിക്കുന്നത്. മാര്‍ക്കുകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. നേരത്തേ നടത്തിയ ഡാറ്റാ എന്‍ട്രി പരിശീലനപദ്ധതി പാളിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ബിശ്വാസ് മേത്ത സ്ഥാനമൊഴിഞ്ഞു. വി എസ് സെന്തിലിനാണ് പകരം ചുമതല. റവന്യൂ വകുപ്പിന്റെ ചുമതലയാണ് ബിശ്വാസ് മേത്തക്ക് നല്‍കിയിരിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സ്ഥാനമൊഴിയലിനു പിന്നിലെന്നാണ് വിവരം. ഫലപ്രഖ്യാപനത്തിന്റെ മുന്നൊരുക്കങ്ങളിലെ ആശങ്ക അദ്ദേഹം നേരത്തെത്തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അതേസമയം, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. കഴിഞ്ഞ മന്ത്രിസഭായോഗം ബിശ്വാസ് മേത്തയെ റവന്യൂ വകുപ്പിലേക്കു മാറ്റിയിരുന്നുവെന്നും എസ്.എസ്.എല്‍.സി. പരീക്ഷയുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.

സോഫ്റ്റ്‌വെയറില്‍ തകരാറില്ല: ഡി.പി.ഐ.
എസ്.എസ്.എല്‍.സി. ഫലത്തിലെ പിഴവുകള്‍ക്കു കാരണം സോഫ്റ്റ്‌വെയറിലെ തകരാറാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തള്ളി. പരീക്ഷാഫലത്തില്‍ പിഴവ് സംഭവിച്ചത് മൂല്യനിര്‍ണയ ക്യാംപില്‍ നിന്നാണെന്ന് ഡി.പി.ഐ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദ റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറും. ഡാറ്റാ എന്‍ട്രിയില്‍ വന്ന തെറ്റാണ് പരീക്ഷാഫലത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. അതിനെക്കുറിച്ച് അന്വേഷിക്കും. സാങ്കേതിക പ്രശ്‌നമാണോ എന്നും പരിശോധിക്കും. ആര്‍ക്കൊക്കെയാണ് തെറ്റു പറ്റിയതെന്ന് അറിഞ്ഞ ശേഷം നടപടി കൈക്കൊള്ളും. ഡാറ്റാ എന്‍ട്രി നടത്തിയ ഏതു ഡാറ്റാ സെന്ററിലാണ് പിഴവ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ഡി.പി.ഐ. പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം