ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം; സ്വര്‍ണ്ണക്കടത്ത് ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ഇവരുടെ മുന്‍പത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായും ബന്ധമില്ല. യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യയിലുമാണ് ജോലി ഉണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ നടന്ന നിയമനമല്ല. ആ നിയമന കാലമാണ് പ്രവര്‍ത്തി പരിചയമായി അവര്‍ നല്‍കിയത്.

Wednesday July 8th, 2020

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ല, സര്‍ക്കാരിനുവേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ല. സര്‍ക്കാരിന് ഈ ഇടപാടില്‍ യതൊരു ഉത്തരവാദിത്തവുമില്ല. സ്വര്‍ണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉന്നതമായ മൂല്യമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോകുന്നത്. ശിവശങ്കറിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനത്ത് നിന്ന് നീക്കി. നിയമപരമായി ഏതെങ്കിലും ആരോപണം ഉയര്‍ന്നതുകൊണ്ടല്ല മാറ്റിയത്. പൊതുസമൂഹത്തില്‍ ആരോപണ വിധേയയായ വനിതയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് എതിരെ ആരോപണം ഉയര്‍ന്നുവന്നു. അത്തരൊരു വ്യക്തി ഓഫീസില്‍ ഇരിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് മാറ്റിയത്. യു.ഡി.എഫിന് ചിന്തിക്കാന്‍ കഴിയുമോ ഇത്തരമൊരു നിലപാട് എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാല്‍ ഇടപെടാന്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. ഇപ്പോള്‍ നടന്ന കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്. ഈ പാര്‍സല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കാണോ വന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്താന്‍ നോക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കി എന്നൊക്കെയാണ് കേള്‍ക്കുന്നത്. പ്രശ്‌നത്തില്‍ ഒരു വിവാദ വനിത ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും ബന്ധമില്ല. ഐടി വകുപ്പിനു കീഴില്‍ നിരവധി പ്രോജക്ടുകളുണ്ട്. അവയുടെ മാര്‍ക്കറ്റിങ് ചുമതലയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. ഇവരെ ജോലിക്കെടുത്തത് ഈ മാനേജ്‌മെന്റാണ്. പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ് താത്കാലിക നിയമം നടത്തിയത്. പല പ്രോജക്ടുകളിലും പ്ലേസ്‌മെന്റ് ഏജന്‍സികള്‍ വഴി ജോലിക്കാരെ നിയമിക്കാറുണ്ട്. ഇവരുടെ മുന്‍പത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായും ബന്ധമില്ല. യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യയിലുമാണ് ജോലി ഉണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ നടന്ന നിയമനമല്ല. ആ നിയമന കാലമാണ് പ്രവര്‍ത്തി പരിചയമായി അവര്‍ നല്‍കിയത്. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല.

സര്‍ക്കാരിന് എതിരെ പൊതു സമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു. ഇതൊന്നും ആദ്യമായല്ലാത്തതിനാല്‍ വേവലാതിയില്ല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ല എന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണ്. അതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞില്ലേ? നുണക്കഥകള്‍ക്ക് ചെറിയ ആയുസേ ഉണ്ടാവുള്ളു. അതാണ് ഇക്കാര്യത്തിലും സംഭവിച്ചത്. തെരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ അടുത്തുവരുന്നു. ഏതെങ്കിലും തരത്തില്‍ പുകമറ പരത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്ന് കരുതിയാല്‍ അതൊന്നും നടക്കില്ല. ഉപ്പുതിന്നവര്‍ ആരാണോ വെള്ളം കുടിക്കട്ടേ. ഈ വനിതയുടെ ചിത്രം മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ഇത് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിനും ബിജെപി അധ്യക്ഷനും എന്താണ് കരുതിയത്, നിങ്ങളുടെ പോലുള്ള മാനസ്സികാവസ്ഥയാണെന്ന് കരുതിയോ? ചിലര്‍ വിഷയം സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമിക്കുന്നു, ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാകണം എന്ന് ആഗ്രഹം കാണും. തത്ക്കാലം അത് സാധിച്ചുതരാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ അത്തരം കളരിയിലല്ല കളിച്ച് വന്നത്. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണമായാലും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പൂര്‍ണ സമ്മതമാണ് അദ്ദേഹം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം