ജനീവ: ലോകവ്യാപക പരക്കുന്ന കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന. ഇതാദ്യമായാണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു കാര്യം വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ആശങ്കയും ഉയരുകയാണ്. കൊവിഡ് 19 രോഗം പകരുന്നതിന് വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് രോഗവിഭാഗം ടെക്നിക്കല്‍ ലീഡായ മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
32 രാജ്യങ്ങളില്‍ നിന്നായി 239 ഗവേഷകര്‍ ചേര്‍ന്ന് രോഗം ആളുകളിലേക്ക് പകരുന്നത് സംബന്ധിച്ച് ഉള്ള കണ്ടെത്തലുകള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് ലോകാരോഗ്യ സംഘടന നിലപാട് മാറ്റിയത്. നേരത്തെ ശരീര ശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത് എന്നായിരുന്നു ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. വായുവിലൂടെ വ്യാപിക്കുന്ന വൈറസ്, ശ്വസിക്കുന്ന വ്യക്തിക്ക് രോഗം പകരാമെന്ന് ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയായിരുന്നു. കാരണം നിശ്വാസ വായുവില്‍ വൈറസിന്റെ കണികകള്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട് എന്നാണ് അവര്‍ വാദിച്ചത്. ഗവേഷകരുടെ അഭിപ്രായപ്രകാരം കൈകള്‍ കഴുകിയാലും മാസ്ക് ധരിച്ചാലും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ല. കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് തലവനായ ബെനെഡേറ്റ അല്ലെഗ്രാന്‍സി പറഞ്ഞു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുമ്പോഴും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ ഇരിക്കുമ്പോഴും ഇത്തരത്തില്‍ പകരാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.