തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; സെക്രട്ടറിയേറ്റും കോടതികളും പ്രവര്‍ത്തിക്കില്ല

ഇന്ന് രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

Monday July 6th, 2020

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതിന് പകരമായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നും ഡിജിപി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തില്‍ തുറക്കുക. ആശുപത്രികളും പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവര്‍ത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.

സത്യവാങ്മൂലം നല്‍കി മെഡിക്കല്‍ ഷോപ്പുകളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും. പൊലീസ് നല്‍കുന്ന നമ്പറില്‍ വിളിച്ചാല്‍ ആവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. സെക്രട്ടറിയേറ്റും, കോടതികളും പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസില്‍ നിന്ന് പ്രവര്‍ത്തിക്കും. പൊലീസ് ആസ്ഥാനം മാത്രമാകും തുറന്നു പ്രവര്‍ത്തിക്കുക. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളും അടച്ചിടും. കോര്‍പ്പറേഷന്‍ പരിധിയിലെ കോളജുകളില്‍ പരീക്ഷ മാറ്റി വെച്ചതായി കേരള സര്‍വകലാശാല അറിയിച്ചു.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവർക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രോഗബാധിതരിൽ ഏറെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്നവരാണ്.

തലസ്ഥാന നഗരി അഗ്നിപർവതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. നിലവിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം ഉണ്ടായാൽ അതുമറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീർണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഇരുപതോളം വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം