കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി ഉദ്യോഗസ്ഥ സ്വപ്‌നസുരേഷ്

2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി. 10 മുതല്‍ 15 ലക്ഷം വരെ കമീഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു.

Monday July 6th, 2020

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷെന്ന് കസ്റ്റംസ്. ഐ.ടി. വകുപ്പ് ഓപ്പറേഷന്‍സ് മാനേജരാണ് സ്വപ്ന സുരേഷ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി. 10 മുതല്‍ 15 ലക്ഷം വരെ കമീഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആര്‍.ഒ പോസ്റ്റില്‍ നിന്ന് സരിത്തിനെ നീക്കിയിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരല്‍ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത്. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആര്‍.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോണ്‍സുലേറ്റില്‍ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കായി കസ്റ്റംസ് തിരച്ചില്‍ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആര്‍ഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന, പാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. യാത്രക്കാര്‍ കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നത് ഇതാദ്യമാണ്. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സല്‍ പരിശോധിച്ചതില്‍ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാര്‍ഗോ ഫ്‌ലൈറ്റിലാണ് ദുബൈയില്‍ നിന്ന് പാഴ്‌സല്‍ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കാര്‍ഗോ വിഭാഗത്തില്‍ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വര്‍ണമാണ് കണ്ടെടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ സ്വര്‍ണവേട്ടയെ കുറിച്ച് അറിയില്ലെന്ന് യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്‌സലായി വരാറുള്ളതെന്നും വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം