തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പ്ൾ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ വിവിധ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. ജൂലൈ ആറ് മുതൽ ഒരാഴ്ചത്തേക്ക് പി.എസ്.സി നടത്താൻ തീരുമാനിച്ചിരുന്ന ഐ.എ.എസ്/ഐ.പി.എസ് ഓഫിസർമാരുടെ വകുപ്പുതല പരീക്ഷ, തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ മാറ്റി. എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും.
ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കേരള സർവകലാശാലയുടെ തിരുവനന്തപുരം നഗരത്തിലുള്ള പരീക്ഷകേന്ദ്രങ്ങളിലെ പരീക്ഷകൾ മാറ്റി. മറ്റ് കേന്ദ്രങ്ങളിൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. നഗരത്തിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വീണ്ടും അവസരം ഒരുക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
എം.ജി സർവകലാശാല തിങ്കളാഴ്ച മുതൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂനിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്ഡൗൺ പിൻവലിച്ചതിനുശേഷം പരീക്ഷ നടത്തുമെന്ന് കൺട്രോളർ അറിയിച്ചു.