സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

ഇളവുകളുടെ ഭാഗമായി ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് മതമേധാവികളുമായി ഇന്ന് ചർച്ച നടത്തിയത്.

Thursday June 4th, 2020

തിരുവനന്തപുരം: കേന്ദ്രനിര്‍ദേശം വന്നതിന് ശേഷമാവും സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾക്കായി സർക്കാർ കാത്തിരിക്കുകയാണ്. ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ കേന്ദ്രങ്ങൾ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായാനാണ് വിവിധ മതവിഭാഗങ്ങളുമായും മത സംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോൺഫറൻസ് മുഖേനെ ചർച്ച നടത്തിയത്. ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾകൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളുമായി വെവ്വേറെയാണ് ചർച്ച നടത്തിയത്. ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത എല്ലാ മതനേതാക്കളും അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളിൽ വരുന്നവരിൽ സാധാരണഗതിയിൽ നിരവധി മുതിർന്ന പൗരന്മാരും മറ്റ് രോഗങ്ങൾ ഉള്ളവരും ഉണ്ടാകും. റിവേഴ്സ് ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരിക്കുന്ന ഇവർ ആരാധനാലയങ്ങളിൽ എത്തുന്നത് അപകടമാണെന്നാണ് സർക്കാർ കരുതുന്നത്. അവരെ കൊവിഡ് രോഗം പെട്ടെന്ന് പിടിപെടാൻ ഇടയുണ്ട്. മാത്രമല്ല രോഗം പിടിപ്പെട്ടാൽ ഇവരെ സുഖപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. പ്രായമേറിയവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും കൊവിഡ് മരണനിരക്ക് കൂടുതലാണെന്നത് ഗൗരവത്തോടെ കാണണം. അതിനാൽ ഈ വിഭാഗം ആളുകൾക്ക് ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് മതമേധാവികൾ പൊതുവേ യോജിപ്പാണ് അറിയിച്ചത്.

ആരാധനാലയങ്ങൾ വഴി രോഗപ്പകർച്ച ഉണ്ടാകാതിരിക്കാൻ ഒട്ടേറെ പ്രായോഗിക നിർദ്ദേശങ്ങൾ ഇന്ന് നടന്ന ചർച്ചയിൽ മതനേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മാർഗനിർദ്ദേശം വന്നതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സർക്കാരിനോട് ചോദിക്കുന്ന തരത്തിൽ ചില പ്രസ്താവനകൾ ശ്രദ്ധയിൽപെട്ടു. കാര്യങ്ങൾ മനസിലാക്കാതെയുള്ള പ്രസ്താവനകളാണ് അവയെന്ന് കരുതുന്നില്ല. ആരാധനാലയങ്ങൾ രാജ്യവ്യാപകമായി അടച്ചിടാൻ കേന്ദ്രസർക്കാരാണ് നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങൾ മാത്രമല്ല വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇളവുകളുടെ ഭാഗമായി ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് മതമേധാവികളുമായി ഇന്ന് ചർച്ച നടത്തിയത്. ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നത് വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നുവെന്ന് സർക്കാർ മനസിലാക്കുന്നു. ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വലിയ അഭിപ്രായ ഐക്യമാണ് സർക്കാരും മതപണ്ഡിതന്മാരും തമ്മിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം