കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ കെ.എം.ബി നിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല. മരണം ശ്രീരാം വെങ്കിട്ടരാമന്റെ രൂപത്തില്‍ അവതരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സൗമ്യനും പ്രിയപ്പെട്ടവനുമായ കൂടെപിറപ്പിനെയാണ്. ഒരാണ്ട് മുമ്പത്തെ ആഗസ്ത് മൂന്ന് ഉണര്‍ന്നത് നീ എന്നെന്നേക്കുമായി ഉറങ്ങിയ വാര്‍ത്ത കേട്ട്. ചലനമറ്റ നിന്റെ ദേഹത്തെ നോക്കി അലമുറയിട്ട ആ രണ്ട് കുഞ്ഞുങ്ങള്‍ ഇന്നും കണ്ണ് നനയിക്കുന്നു.

Monday August 3rd, 2020

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം. മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ ഇടിച്ചു കൊല്ലുകയായിരുന്നു. ഏവര്‍ക്കും പ്രിയപ്പെട്ട കെ.എം.ബിയുടെ ഓര്‍മ്മയിലാണ് സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും.

പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ കെ.എം.ബി നിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല. മരണം ശ്രീരാം വെങ്കിട്ടരാമന്റെ രൂപത്തില്‍ അവതരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സൗമ്യനും പ്രിയപ്പെട്ടവനുമായ കൂടെപിറപ്പിനെയാണ്. ഒരാണ്ട് മുമ്പത്തെ ആഗസ്ത് മൂന്ന് ഉണര്‍ന്നത് നീ എന്നെന്നേക്കുമായി ഉറങ്ങിയ വാര്‍ത്ത കേട്ട്. ചലനമറ്റ നിന്റെ ദേഹത്തെ നോക്കി അലമുറയിട്ട ആ രണ്ട് കുഞ്ഞുങ്ങള്‍ ഇന്നും കണ്ണ് നനയിക്കുന്നു.

അതെ സമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിടും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാകട്ടെ ഇതിനോടകം സര്‍വ്വീസില്‍ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരിക്കുന്നത്. മരിക്കുമ്പോള്‍ പ്രായം വെറും 35 വയസ്സായിരുന്നു. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചായിരുന്നു അപകടം. മ്യൂസിയം പൊലീസ് സ്‌റ്റേഷന്റെ മൂക്കിന് മുന്നിലുണ്ടായ അപകടത്തില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ നടന്ന ഉന്നതതല നീക്കങ്ങള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസ് എടുക്കാന്‍ ആദ്യം പൊലീസ് മടിച്ചു. ശ്രീറാമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ മാത്രം കേസെടുത്തു, സ്വകാര്യ ആശുപത്രിയില്‍ വളരെ വൈകി നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാത്തതോടെ കേസ് ശ്രീറാമിന്റെ വഴിക്കായി തുടങ്ങി. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹുൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന് വഫ തന്നെ മൊഴി നല്‍കി. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിന് സസ്‌പെന്‍ഷന്‍. ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ താമസത്തിന് അവസരമൊരുക്കി.

ലോക്കല്‍ പൊലീസില്‍ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം ശ്രീറാമിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല. അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്‌റ്റേഷന്‍ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഒരു വര്‍ഷം പിന്നിടുമ്പോഴും ക്യാമറകളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി. പക്ഷെ കേസിന്റെ സ്ഥിതിയെന്താണ്. ഉന്നതബന്ധമുണ്ടെങ്കില്‍ ഒരു കേസ് എങ്ങിനെ അട്ടിമറിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം