തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയര്‍ന്നാല്‍ കര്‍ക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനവും മുന്നറിയിപ്പും. ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോവിഡ് അവലോകന യോഗങ്ങള്‍ക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയില്‍ വിമര്‍ശനമുന്നയിക്കുന്നത് ഇതാദ്യമായാണ്.
കര്‍ശന ക്വാറന്റീന്, സാമൂഹിക അകലം എന്നിവ പാലിക്കുന്നതില്‍ ഗൗരവം കുറയാനിടയാക്കിയത് പല കാരണങ്ങള്‍. ഗൗരവം കുറച്ചു കാണുന്നതിന് കാരണമായ തെറ്റായ സന്ദേശം ജനങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനിടയിലും തിരുവനന്തപുരത്തെ രോഗവ്യാപനം നാണക്കേടായെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ലോക്ക് ഡൗണിനിടയിലും തീരദേശത്തിന് പുറമെ തിരുവനന്തപുരത്തെ ബണ്ട് കോളനിയിലടക്കം രോഗവ്യാപനം തുടരുകയുമാണ്. പ്രതിരോധം പാളിയെന്നു പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ കടുത്ത വാക്കുകകളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.