തരുവണ ജുമാമസ്ജിദിന്റെ കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി കാണാനില്ല

ജുമാ മസ്ജിദിന്റെ 40 സെന്റോളം കയ്യേറിയാണ് യുപി സ്‌കൂളിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ജുമാ മസ്ജിദിന്റെ കീഴിലുള്ള എണ്‍പതു സെന്റോളം സ്ഥലം എവിടെയെന്നു വ്യക്തമല്ല. താലൂക്ക് സര്‍വ്വേയറുടെ വിശദ പരിശോധനയിലേ ഇത് വ്യക്തമാവൂ.

Tuesday September 1st, 2020

കല്‍പറ്റ: വയനാട്ടിലെ പ്രമുഖ മഹല്ലായ തരുവണയില്‍ കോടികള്‍ വിലമതിക്കുന്ന വഖ്ഫ് ഭൂമിയില്‍ വന്‍ കയ്യേറ്റം. തരുവണ വലിയ ജുമാ മസ്ജിദിന്റെ കീഴില്‍ ടൗണിനോടു ചേര്‍ന്ന കണ്ണായ സ്ഥലത്തെ ഒന്നര ഹെക്ടറിലധികം വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളും സര്‍ക്കാരുമാണ് പള്ളിയുടെ സ്ഥലം കയ്യേറിയത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ജുമാമസ്ജിദിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വഖ്ഫ് ഭൂമി കയ്യേറ്റം പുറത്തു വന്നത്. തരുവണയിലെ പ്രമുഖ കുടുംബാംഗമായ സ്വകാര്യ വ്യക്തി വ്യാജ രേഖയുണ്ടാക്കി 40 സെന്റോളം ഭൂമി കയ്യേറിയതായി പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തി. തരുവണ ഗവ. യുപി സ്‌കൂളിന്റെ മറവിലും പള്ളിയുടെ സ്ഥലം വന്‍ തോതില്‍ കയ്യേറിയിട്ടുണ്ട്. നാളെ മാനന്തവാടി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയിലേ വഖ്ഫ് കയ്യേറ്റത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വരൂ.

മുതവല്ലിയായിരുന്ന കോരന്‍ കുന്നന്‍ മൊയ്ദു ഹാജി വഖ്ഫ് ചെയ്തതു പ്രകാരം തരുവണ ജുമാ മസ്ജിദിനു ടൗണിനോടു ചേര്‍ന്ന് നാല് ഹെക്ടര്‍ എണ്‍പത്തിയഞ്ചു സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ പള്ളിയും മദ്‌റസയും നില കൊള്ളുന്നതും തരുവണ ഗവ.യുപിസ്‌കൂളിനായി കോരന്‍ കുന്നന്‍ കുഞ്ഞബ്ദുല്ല ഹാജി നല്‍കിയ 30 സെന്റും കഴിച്ചുള്ള ബാക്കി സ്ഥലമാണ് ജുമാ മസ്ജിദിന്റെതായി വേണ്ടത്. എന്നാല്‍, കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പള്ളിയുടെ ഒന്നര ഹെക്ടറിലധികം ഭൂമി അന്യാധീനപ്പെട്ടതായാണു വ്യക്തമായത്. 40 സെന്റ് വഖ്ഫ് ഭൂമി കയ്യേറിയ സ്വകാര്യവ്യക്തി കഴിഞ്ഞ മൂന്നു വര്‍ഷമായി നികുതിയടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തരുവണ ഗവ.യുപി സ്‌കൂളിന് കോരന്‍ കുന്നം കുടുംബം നല്‍കിയത് 30 സെന്റാണ്. എന്നാല്‍, എഴുപത് സെന്റോളം സ്ഥലം ഇപ്പോള്‍ യുപി സ്‌കൂളിന്റെ അധീനതയിലുണ്ട്. ജുമാ മസ്ജിദിന്റെ 40 സെന്റോളം കയ്യേറിയാണ് യുപി സ്‌കൂളിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

ജുമാ മസ്ജിദിന്റെ കീഴിലുള്ള എണ്‍പതു സെന്റോളം സ്ഥലം എവിടെയെന്നു വ്യക്തമല്ല. താലൂക്ക് സര്‍വ്വേയറുടെ വിശദ പരിശോധനയിലേ ഇത് വ്യക്തമാവൂ.ഏറെക്കാലം മുതവല്ലി ഭരണത്തിന്‍ കീഴിലായിരുന്നു തരുവണ വലിയ ജുമാ മസ്ജിദും അനുബന്ധ സ്വത്തു വകകളും. കോരന്‍ കുന്നന്‍ മൊയ്ദു ഹാജി,അഡ്വ. കെ കെ കുഞ്ഞബ്ദുല്ല ഹാജി എന്നിവരായിരുന്നു ആദ്യ മുതവല്ലിമാര്‍. ഇവരുടെ കാലത്താണ് വലിയ ജുമാമസ്ജിദും മദ്‌റസയും മറ്റും നിര്‍മിച്ചത്. കുഞ്ഞബ്ദുല്ല ഹാജിയുടെ മകന്‍ മമ്മൂട്ടി മദനിയാണ് ഇപ്പോഴത്തെ മുതവല്ലി. പത്തു വര്‍ഷം മുമ്പാണ് തരുവണയില്‍ ജനകീയ മഹല്ലു കമ്മിറ്റി നിലവില്‍ വന്നത്. വഖ്ഫ് സ്വത്തിന്റെയും പള്ളിയുടേയും കൈകാര്യ കര്‍തൃത്വം ഇപ്പോള്‍ മഹല്ലു കമ്മിറ്റിക്കാണ്. വര്‍ഷങ്ങള്‍ പഴക്കമുണ്ടാമിരുന്ന തരുവണ വലിയ പള്ളി പാരമ്പര്യ വാസ്തു മാതൃകയില്‍ ശ്രദ്ധേയമായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അത് പൊളിച്ചു. പുതിയ പള്ളി നിര്‍മ്മാണ ഘട്ടത്തിലാണ്.
കടപ്പാട്- തേജസ് ന്യൂസ് ഡോട് കോം

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം