ആര്‍ .എം.പി. സംസ്ഥാനപാര്‍ട്ടിയാവുന്നു

Saturday November 16th, 2013

KK rama RMP

കണ്ണൂര്‍ : ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 2008ല്‍ ഒഞ്ചിയത്ത് പിറന്ന റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാവുന്നു. നവംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ പുതിയ പാര്‍ട്ടിയുടെ ഭരണഘടനയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുമെന്നാണറിയുന്നത്.

Also read:

1986ല്‍ എം.വി.രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി.യും 1994ല്‍ കെ.ആര്‍.ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ്സും രൂപവത്കരിച്ചശേഷം സി.പി.എമ്മില്‍ നിന്നു വിട്ടു പോയവര്‍ രൂപംകൊടുക്കുന്ന പാര്‍ട്ടിയാണ് ആര്‍.എം.പി.

Also Read:

കെ.എസ്.ഹരിഹരന്റെയും മറ്റും മുന്‍കൈയില്‍ രൂപവത്കരിച്ച ഇടതുപക്ഷ ഏകോപനസമിതിയും എസ്.എഫ്.ഐ. മുന്‍ സംസ്ഥാന ജോ.സെക്രട്ടറിയും സി.പി.എം. നാട്ടിക ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ടി.എല്‍.സന്തോഷിന്റെ നേതൃത്വത്തിലുള്ള തളിക്കുളം കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എം.പി.യില്‍ ലയിക്കും. പാര്‍ട്ടി രൂപവത്കരിച്ചശേഷം സംസ്ഥാനത്തെ വി.എസ്.അനുകൂലികളുടെ പിന്തുണ നേടാനുള്ള ശ്രമവും കീഴ്ഘടകങ്ങളുടെ രൂപവത്കരണവും നടക്കും.

Also read:

ഒരു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിനകത്തെ പ്രത്യയശാസ്ത്ര വിവാദങ്ങളും വിമര്‍ശിക്കുന്നവരെ ഏകപക്ഷീയമായി പുറത്താക്കുന്ന നേതൃത്വത്തിന്റെ നടപടിയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മയും അഴിമതിയുമാണ് പുതിയ പാര്‍ട്ടിക്ക് വഴിയൊരുക്കിയതെന്ന് സംഘാടകര്‍ പറയുന്നു.

Also read:

സി.പി.എം.വിട്ടവര്‍ ദേശീയതലത്തില്‍ സംഘടിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ആര്‍.എം.പി. സംസ്ഥാന പാര്‍ട്ടിയാവുന്നത്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതലത്തിലേക്ക് വ്യാപിക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി രൂപവത്കരിക്കാനുള്ള ആലോചനകള്‍ നടന്നെങ്കിലും ബംഗാളിലെ സി.പി.എം. വിമതരുടെ നിര്‍ദേശപ്രകാരമാണ് മാറ്റിവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പി.എം. ബംഗാള്‍ ഘടകത്തില്‍ വന്‍പൊട്ടിത്തെറിയുണ്ടാവുമെന്ന സൂചനയാണ് ബംഗാളില്‍ നിന്നു ലഭിച്ചിരിക്കുന്നത്. അതു കൊണ്ട് ലോകസഭാ തിരഞ്ഞെടുപ്പ് കഴിവും വരെ കാത്തിരുന്ന ശേഷം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

സി.പി.എം. മുന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളും പഞ്ചാബിലെ നേതാക്കളുമായ മംഗത്‌റാവു പസ്ല, ഹര്‍കമല്‍ സിങ്, സി.പി.എം. കേന്ദ്രകമ്മിറ്റി ഓഫീസിലെ മുന്‍ ഗവേഷണവിഭാഗം തലവനും ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ. നേതാവുമായിരുന്ന ഡോ. പ്രസേല്‍ജിത് ബോസ് എന്നിവരാണ് ദേശീയതലത്തില്‍ സി.പി.എം. വിമതരെ ഏകോപിപ്പിക്കുന്നത്. ആര്‍.എം.പി. സംസ്ഥാന കണ്‍വെന്‍ഷനില്‍ ഈ നേതാക്കള്‍ സംബന്ധിക്കുന്നുണ്ട്. ഹര്‍കമല്‍ സിങ് ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഗോദാവരി പരുലേക്കര്‍ മാര്‍ക്‌സിസ്റ്റ് വിചാര്‍മഞ്ച്, തമിഴ്‌നാട്ടില്‍ ഗംഗാധറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും കണ്‍വെന്‍ഷനിലെത്തും.

എല്ലാ അധികാരങ്ങളും സെക്രട്ടറിയില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രീതിക്ക് പകരം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതും വിപുലമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്നതുമായ സംഘടനാരൂപമാണ് ആര്‍.എം.പി. വിഭാവനം ചെയ്യുന്നത്. പാര്‍ട്ടിക്ക് ഒരു ചെയര്‍മാനും കണ്‍വീനറുമുണ്ടാകും. സി.എം.പി.യും ജെ.എസ്.എസ്സും തുടക്കംതൊട്ട് യു.ഡി.എഫ്. അനുകൂലനിലപാടാണ് സ്വീകരിച്ചതെങ്കില്‍ ആര്‍.എം.പി. സി.പി.എമ്മിനെയും കോണ്‍ഗ്രസ്സിനെയും തുല്യ അകലത്തിലായിരിക്കും കാണുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം